

ന്യൂഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതിന് പിന്നാലെ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സിജെപി) നേതാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന വിഡിയോകള്‍ സൃഷ്ടിച്ച വിവാദ കൊടുങ്കാറ്റ് അടങ്ങുന്നില്ല. സമരം അവസാനിച്ചതിന് തൊട്ടുപിന്നാലെ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന ഇത്തരം ആഘോഷങ്ങള്‍ അനാദരവാണെന്നാണ് പലരുടേയും അഭിപ്രായം. സിജെപിക്ക് പിന്തുണയുമായി നിരാഹാരമനുഷ്ഠിച്ച സോനം വാങ്ചുകും ഇക്കാര്യത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ്.
വിജയത്തോടൊപ്പം എളിമയും ഉണ്ടാകണമെന്നാണ് വാങ്ചുക് പ്രതികരിച്ചത്. ആത്മാഭിമാനത്തോടും സംയമനത്തോടും ഉത്തരവാദിത്തത്തോടും കൂടി വേണം ആഘോഷങ്ങള്‍ സംഘടിപ്പിക്കാനെന്ന് അദ്ദേഹം അനുഭാവികളോട് പറഞ്ഞു. വിജയം നേടുന്നതുപോലെ തന്നെ പ്രധാനമാണ് ബഹുമാനവും എളിമയും നിലനിര്‍ത്തുകയെന്നത്. സമരം അവസാനിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സിജെപിയുടെ പ്രധാന നേതാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത സംവാദങ്ങള്‍ക്കാണ് വഴിവെച്ചത്. സിജെപിയുടെ തന്നെ അനുഭാവികളില്‍ നിന്ന് ഈ വിഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സമരത്തില്‍ പങ്കെടുത്ത ഡസന്‍ കണക്കിന് ആളുകള്‍ വീടില്ലാതെയും പട്ടിണിയിലുമാണ്. അവരെ കാണാതെയാണ് ഈ ആഘോഷമെല്ലാം നടത്തുന്നതെന്നും ഇന്‍ഫ്‌ളുവന്‍സര്‍ മേഘ്‌നാഥ് പ്രതികരിച്ചു. സിജെപി നേതാക്കളോടൊപ്പം ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ ക്യാമ്പ് ചെയ്തിരുന്ന ഡസന്‍ കണക്കിന് സമരക്കാര്‍ക്ക് ഭക്ഷണവും യാത്രാസൗകര്യവും താനും മറ്റു ചിലരും ചേര്‍ന്നാണ് ഏര്‍പ്പാടാക്കിയതെന്ന് മേഘ്നാഥ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു. പുലര്‍ച്ചെ 4 മണിക്കാണ് ഞാന്‍ ഇത് കാണുന്നത്. ഞാനും മറ്റ് ഏതാനും പേരും കഴിഞ്ഞ രണ്ട് ദിവസമായി വഴിയിലായവരും പട്ടിണിയിലായവരുമായ സിജെപി വോളന്റിയര്‍മാരെയും സമരക്കാരെയും സ്വന്തം പണം മുടക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. ഞാന്‍ ഒന്നും പറയേണ്ടതില്ലെന്ന് കരുതിയതാണ്, എന്നാല്‍ ഈ വിഡിയോ കണ്ടപ്പോള്‍ എനിക്ക് കണ്‍ട്രോള്‍ പോയി...,' സിജെപിയുടെ ആഘോഷ വീഡിയോയെക്കുറിച്ച് മേഘ്നാഥ് കുറിച്ചു.
സിജെപിക്ക് എതിരെ ശക്തമായ മുന്നറിയിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്: 'നിങ്ങള്‍ ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍, ഡല്‍ഹിയില്‍ 70-ലധികം സമരക്കാരും വിദ്യാര്‍ത്ഥികളും പട്ടിണി കിടക്കുകയായിരുന്നു, കാരണം നിങ്ങള്‍ക്ക് അവരെ പറ്റി ചിന്തയില്ലായിരുന്നു. അഭിനന്ദനങ്ങള്‍ സിജെപി, നിങ്ങളും ഒടുവില്‍ മറ്റൊരു സാധാരണ രാഷ്ട്രീയ പാര്‍ട്ടി മാത്രമായി മാറിയിരിക്കുന്നു.' എന്നാല്‍ വിമര്‍ശനങ്ങള്‍ ശക്തമായതോടെ, ഈ വീഡിയോ പുതിയ തലമുറയുടെ ആവേശത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞ് സിജെപി ന്യായീകരണവുമായി രംഗത്തെത്തി. 'ഞങ്ങള്‍ക്ക് എത്ര സമയം വേണമെങ്കിലും റോഡില്‍ ഇരിക്കാം. നൃത്തം ചെയ്തുകൊണ്ട് പ്രക്ഷോഭം നടത്താം. കോള്‍ഡ് കോഫി കുടിച്ചുകൊണ്ട് സംഘാടനം നടത്താം,സിജെപി വക്താവ് സൗരവ് ദാസ് തിങ്കളാഴ്ച എക്‌സില്‍ കുറിച്ചു. ഈ തലമുറ അങ്ങനെയാണ്. ആത്മവിശ്വാസമുള്ളവരും, സര്‍ഗ്ഗാത്മകതയുള്ളവരും, പ്രതിസന്ധികളെ അതിജീവിക്കുന്നവരുമാണ്. സര്‍ക്കാരിനും ചില ടെലിവിഷന്‍ ആങ്കര്‍മാര്‍്കകും പുതിയ തലമുറയുടെ ഭാഷ മനസിലാകുന്നില്ല. മുതിര്‍ന്ന ആളുകള്‍ക്ക് പരാതി പറഞ്ഞുകൊണ്ടേയിരിക്കാം. അവര്‍ ഞങ്ങളെ സഹിച്ചേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ആഘോഷം യഥാര്‍ത്ഥത്തില്‍ പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്ന വോളണ്ടിയര്‍മാരെ ആദരിക്കാന്‍ സംഘടിപ്പിച്ച ഒരു കൂട്ടായ്മയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞു.
'നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നാല്‍ അതിന് മുമ്പ് എല്ലാ വോളണ്ടിയര്‍മാരുമായി ഒരു തുറന്ന ആശയവിനിമയം നടത്തിയികുന്നു. ഞങ്ങള്‍ നിലത്തിരുന്ന് അവരോട് ഓരോരുത്തരോടും സംസാരിച്ചു. അത് വളരെ ആവശ്യമായിരുന്നു താനും, സിജെപി വക്താവ് കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates