അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമായി രണ്ടാമനകാൻ അമിത് ഷാ; ആഭ്യന്തര മന്ത്രിയായേക്കും; മന്ത്രി സഭയിൽ കുമ്മനത്തിനും സാധ്യത

പുതിയ എൻഡിഎ സർക്കാരിൽ  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  ഒരു സുപ്രധാന വകുപ്പ് കൈയാളുമെന്നുറപ്പ്
അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവുമായി രണ്ടാമനകാൻ അമിത് ഷാ; ആഭ്യന്തര മന്ത്രിയായേക്കും; മന്ത്രി സഭയിൽ കുമ്മനത്തിനും സാധ്യത
Updated on
1 min read

ന്യൂഡൽഹി: പുതിയ എൻഡിഎ സർക്കാരിൽ  ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  ഒരു സുപ്രധാന വകുപ്പ് കൈയാളുമെന്നുറപ്പ്. അഞ്ച് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷവുമായി ഗാന്ധി നഗറിൽ നിന്നു വിജയിച്ചാണ് അമിത് ഷാ ഇത്തവണ മന്ത്രിസഭയിലേക്കെത്താൻ ഒരുങ്ങുന്നത്. 54കാരനായ ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും രണ്ടാം സ്ഥാനത്ത്. ഗുജറാത്തിൽ മുൻപ് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്ക് കേന്ദ്രത്തിലും അതേ വകുപ്പു തന്നെ ലഭിക്കാനാണു സാധ്യത. 

തിരുവനന്തപുരത്ത് പരാജയപ്പെട്ടുവെങ്കിലും കുമ്മനം രാജശേഖരനെ മന്ത്രിയാക്കാൻ മോദി തയാറാകുമെന്നു കരുതുന്നുണ്ട്. ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ നാല് സുപ്രധാന വകുപ്പുകളിൽ ആരാണ് വരിക എന്നതും രാജ്യം ഉറ്റുനോക്കുന്നു. 

പുതിയ സർക്കാരിന്റെ ആദ്യത്തെ സുപ്രധാന നയ പ്രഖ്യാപനമായിരിക്കും പുതിയ ബജറ്റ്. അരുൺ ജയ്റ്റ്ലി തന്നെ ധനകാര്യ മന്ത്രിയായി തുടരുമോ എന്ന് വ്യക്തമല്ല. അനാരോഗ്യം കാരണം ഈ തെരഞ്ഞെടുപ്പിൽ എങ്ങും തന്നെ പ്രചാരണത്തിനു പോകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. അദ്ദേഹം സ്വയം മാറി നിൽക്കാൻ സന്നദ്ധനായാൽ പീയൂഷ് ഗോയലായിരിക്കും ധനകാര്യ വകുപ്പിന്റെ ചുമതല ലഭിക്കുക. 

അമിത് ഷാ ആഭ്യന്തരമേറ്റെടുത്താൽ രാജ്നാഥ് സിങിന് പുതിയ വകുപ്പു നൽകേണ്ടി വരും. പ്രതിരോധത്തിലേക്കു രാജ്നാഥ് വരുമെന്നു സൂചനകളുണ്ട്. 

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറാകാതിരുന്ന കേന്ദ്ര മന്ത്രിയാണു സുഷമ സ്വരാജ്. എന്നാൽ സുഷമ വിദേശകാര്യ വകുപ്പിൽ തുടരുമെന്നാണു കരുതുന്നത്. അവരെ രാജ്യസഭയിലേക്ക് കൊണ്ടുവരണം എന്നേയുള്ളൂ. രാജ്യസഭാ അംഗങ്ങളായ അമിത് ഷാ, സ്മൃതി ഇറാനി, രവിശങ്കർ പ്രസാദ് എന്നിവർ ലോക്സഭയിലേക്കു ജയിച്ചതിനാൽ ഈ ഒ‌ഴിവുകളിലേക്ക് പുതിയ അം​ഗങ്ങളെ നിയോ​ഗിക്കേണ്ടി വരും. അവർ രാജി വയ്ക്കുന്ന ഒഴിവുകളിലൊന്നു സുഷമയ്ക്കു നൽകും.

‘ജയന്റ് കില്ലർ’ എന്ന ബഹുമതിയുമായാണു സ്മൃതി ഇറാനി ലോക്സഭയിലേക്കു വരുന്നത്. അമേഠിയിലെ വിജയത്തിനു പ്രതിഫലമായി സ്മൃതി ഇറാനിക്കു സുപ്രധാന വകുപ്പ് നൽകാൻ മോദി തയാറായേക്കും. അല്ലെങ്കിൽ ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് അവരെ പരിഗണിക്കാനും സാധ്യതയുണ്ട്.

കേന്ദ്ര മന്ത്രിസഭയിലെ അഞ്ച് പേർ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അൽഫോൺസ് കണ്ണന്താനം (എറണാകുളം), ഹർദീപ് പുരി (അമൃത്‌സർ), മനോജ് സിൻഹ (ഗാസിപ്പുർ), പൊൻ രാധാകൃഷ്ണൻ (കന്യാകുമാരി), അനന്ത് ഗീഥെ (റായ്ഗഡ്) എന്നിവർ. വീണ്ടും കണ്ണന്താനത്തെ പരിഗണിക്കുമോ എന്ന് വ്യക്തമല്ല.

ബിഹാറിൽ 40ൽ 39 സീറ്റും എൻ‌ഡിഎ നേടിയ സ്ഥിതിക്ക് നിതീഷ് കുമാറിന്റെ ജനതാദൾ യുവിനും റാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും കൂടുതൽ മന്ത്രിമാരെ നൽകാനും മോദി തയാറായേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com