'അത് എല്ലാവര്‍ക്കും ഉളളതല്ല', കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങിക്കൂട്ടുന്നു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

കോവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരെ സര്‍ക്കാരിന്റെ മുന്നറിയിപ്പ്
'അത് എല്ലാവര്‍ക്കും ഉളളതല്ല', കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങിക്കൂട്ടുന്നു; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍
Updated on
1 min read

ന്യൂഡല്‍ഹി : കോവിഡ് രോഗ ചികിത്സയ്ക്കായി വിവേചനമില്ലാതെ മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരെ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. കോവിഡ് രോഗം വരാതെ തടഞ്ഞുനിര്‍ത്തുന്നതിനുളള പ്രിവന്റീവ് മരുന്നായി മലേറിയ രോഗത്തിനുളള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നതിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് വിവേചനമില്ലാതെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങി വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.

സാര്‍സ് കോവിഡ് 2വിനെതിരേ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്  മരുന്നിന്റെ  കയറ്റുമതി സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എങ്കിലും വലിയതോതിലുളള പരീക്ഷണത്തിലൂടെ മാത്രമേ ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോ എന്ന നിഗമനത്തില്‍ എത്താന്‍ കഴിയുകയുളളൂവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

'പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് രോഗികള്‍ക്ക് നല്‍കുന്നുണ്ട്. അത് പക്ഷെ രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് തന്നെ ഇതു നല്‍കുന്ന രോഗികളെ പിന്നീട് നിരീക്ഷണ വിധേയമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ല'- ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം മേധാവി രാമന്‍ ആര്‍ ഗംഗാഖേധ്കര്‍ പറയുന്നു.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ അടക്കമുള്ള മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നിര്‍ദേശങ്ങളും ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. കോവിഡ് രോഗികളെയോ രോഗലക്ഷണങ്ങളുളളവരെയോ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികളുമായോ രോഗലക്ഷണങ്ങളുളളവരുമായോ സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്കും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജനങ്ങള്‍ ഫാര്‍മസികളില്‍ പോയി മരുന്ന് വിവേകമില്ലാതെ വാങ്ങിച്ചു കൂട്ടുകയാണ്. അതു കൊണ്ട് തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസിക്കാര്‍ മരുന്ന് നല്‍കരുതെന്ന ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

പതിനഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കും ഒരു കാരണവശാലും ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കരുത്. ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. സ്വയം ചികിത്സയും പാടില്ലെന്നും രാമന്‍ ആര്‍ ഗംഗാഖേധ്കര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com