

ചണ്ഡീഗഡ്: അധ്യാപകരോട് ക്ഷേത്രത്തില്‍ പൂജ ചെയ്യാനും പുരോഹിത പരിശീലനം നടത്താനും നിര്‍ബന്ധിച്ച് പരിയാന സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ ഭരണമാണ് ഹരിയാനയില്‍. യമുനാനഗറിലെ ഒരു ക്ഷേത്രത്തല്‍ ഉത്സവത്തിന്റെ ഭാഗമായാണ് പുരോഹിത പരിശീലനം നടത്താനും പൂജ നടത്താനുമാണ് അധ്യാപകരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
യമുനാനഗര്‍ ജില്ലയിലെ പ്രധാന ഹിന്ദു ആരാധനാലയത്തില്‍ നാലു ദിവസത്തെ ഉത്സവത്തെത്തുടര്‍ന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, അധ്യാപകരോട് ആരാധാനാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്. മതപരമായ പൂജകള്‍ ചെയ്യുന്നതിനൊപ്പം പ്രസാദം വിതരണം ചെയ്യാനും മറ്റും അധ്യാപകരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ഒക്ടോബര്‍ 29ന് പരിശീലന പരിപാടിയുണ്ടായിരുന്നു. ഇതില്‍ നിന്നും നിരവധി അധ്യാപകര്‍ മാറി നിന്നതിനെ തുടര്‍ന്ന് യമുനാനഗര്‍ ജില്ലാ എജ്യുക്കേഷന്‍ ഓഫിസറോട് അധികൃതര്‍ വിശദീകരണം തേടിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെയുള്ളവര്‍ ബിജെപി സര്‍ക്കാരിന്റെ ഈ നടപടിയോട് കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അധ്യാപകരുടെ സംഘടനകളെല്ലാം ഈ നടപടിയോട് എതിര്‍പ്പ് പ്രകടിപ്പിരുന്നു. 'ഗവണ്‍മെന്റ് ഞങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയാണെങ്കില്‍, ഞങ്ങള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പും. ഒരു അദ്ധ്യാപകന്റെ ജോലി പുരോഹിതനാകണമെന്നല്ല' ഹരിയാന ടീച്ചേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഉപദേഷ്ടാവ് ജയദേവ് ആര്യ പറഞ്ഞു.
അതേസമയം അധ്യാപകരോട് പുരോഹിതരുടെ ജോലി ചെയ്യാന്‍ പറഞ്ഞിട്ടില്ലെന്നും, നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളില്‍ പങ്കാളിയാകാനേ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും ബിജെപി വക്താവ് ജവഹര്‍ യാധവ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates