അന്തരീക്ഷ മലിനീകരണം കൂടിയ പ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും കൂടുതല്‍, പഠന റിപ്പോര്‍ട്ട്

ദീര്‍ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതല്‍ ഗുരുതരമാകുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം കൂടിയ തോതിലുള്ള പ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും കൂടുതലാണെന്ന് പഠനം. ഹാര്‍വാഡ് സര്‍വ്വകലാശാലയിലേയും ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകര്‍ അമേരിക്കയിലെ 3080 കൗണ്ടികളിലായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്ത്യയില്‍ വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങള്‍ക്ക് മുന്നറിയിപ്പ്് കൂടിയാണ് ഈ പഠനം നല്‍കുന്നത്.

ദീര്‍ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കോവിഡ് 19 കൂടുതല്‍ ഗുരുതരമാകുന്നത്. മലിനമായ വായു ശ്വസിച്ചവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് 15 ശതമാനം മരണ നിരക്ക് കൂടുതലായിട്ടാണ് പഠനം കണ്ടെത്തിയത്. ശ്വാസകോശ അണുബാധ ഇവരില്‍ കൂടുതല്‍ രൂക്ഷമാകുന്നതാണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത്.

വായുമലിനീകരണത്തിന്റെ തോത് കണക്കാക്കാന്‍ ഉപയോഗിക്കുന്ന പിഎം 2.5 (പര്‍ട്ടിക്കുലേറ്റ് മാസ്‌റ്റേഴ്‌സ് 2.5) ആണ് പ്രധാന വില്ലനാകുന്നത്. മുടിനാരിന്റെ വ്യാസത്തിന്റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള ഈ സൂഷ്മ പൊടിപടലങ്ങള്‍ മനുഷ്യരില്‍ വ്യാപകമായി ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു. വാഹനപ്പെരുപ്പം, നിര്‍മ്മാണ പ്രവര്‍ത്തികള്‍, മാലിന്യം കത്തിക്കല്‍, വ്യവസായശാലകളിലെ പുക എന്നിവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്.

വായുമലിനീകരണം രൂക്ഷമായ ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കോവിഡ് ദുരന്തമാകുമോ എന്ന ആശങ്ക മാധ്യമപ്രവര്‍ത്തകയും 'Choked: Life and Breath in the Age of Air Pollution' എന്ന പുസ്തകത്തിന്റെ രചയിതാവുമായ ബെത്ത് ഗാര്‍ഡിനര്‍ പങ്കുവെച്ചിരുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് കുറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.

അതേസമയം കേരളത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഗണ്യമായ കുറവുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം 40 ശതമാനം വരെ വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചത്. മാര്‍ച്ച് എട്ടിനെ അപേക്ഷിച്ച് ഏപ്രില്‍ എട്ടിന് 35 മുതല്‍ 40 ശതമാനം വരെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം വര്‍ധിച്ചെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com