'അയോധ്യയല്ല വേണ്ടത്, കടത്തില്‍ നിന്നുള്ള മോചനമാണ്' ; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷക മാര്‍ച്ച് ; തലസ്ഥാനത്തെ ചെങ്കടലാക്കി കര്‍ഷകപ്പടയണി

അഖിലേന്ത്യാ കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് അണിനിരക്കുന്നത് 
'അയോധ്യയല്ല വേണ്ടത്, കടത്തില്‍ നിന്നുള്ള മോചനമാണ്' ; പാര്‍ലമെന്റിലേക്ക് ഇന്ന് കര്‍ഷക മാര്‍ച്ച് ; തലസ്ഥാനത്തെ ചെങ്കടലാക്കി കര്‍ഷകപ്പടയണി
Updated on
1 min read


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി കര്‍ഷക മാര്‍ച്ച് ഇന്ന് പാര്‍ലമെന്റിലേക്ക്. അഖിലേന്ത്യാ കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് അണിനിരക്കുന്നത്. ഡല്‍ഹി രാംലീല മൈതാനത്ത് നിന്നുമാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടക്കുക. 

സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനം പ്രക്ഷോഭകരാല്‍ ചെങ്കടലായി മാറിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. 207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതി. പ്രക്ഷോഭത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ വേദിയിലെത്തും. 

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി സംഘടിപ്പിച്ചിട്ടുള്ളത്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.


ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്. സിപിഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്. 
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

മാര്‍ച്ച് തടഞ്ഞാല്‍ നഗ്‌നരായി റാലി നടത്തുമെന്ന് തമിഴ്‌നാട്ടില്‍നിന്നുള്ള ഒരുവിഭാഗം കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് 1,200ഓളം പേര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. പാര്‍ലമെന്റിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ നഗ്‌നരായി പ്രതിഷേധിക്കുമെന്നാണ് ഇവരുടെ നേതാവ് പി. അയ്യാകണ്ണ് വ്യക്തമാക്കിയത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. ആയിരത്തിലേറെ പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com