അയോധ്യയിൽ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്; എതിർപ്പുമായി മുസ്ലിം വ്യക്തി നിയമ ബോർഡ്

അയോധ്യയിൽ മസ്ജിദ് പണിയാനുള്ള അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്
അയോധ്യയിൽ മസ്ജിദ് പണിയാൻ അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്; എതിർപ്പുമായി മുസ്ലിം വ്യക്തി നിയമ ബോർഡ്
Updated on
1 min read

ലഖ്‌നൗ: അയോധ്യയിൽ മസ്ജിദ് പണിയാനുള്ള അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്. സുപ്രീം കോടതി നിർദ്ദേശിച്ചത് അനുസരിച്ചുവെന്നും സുന്നി ബോർഡ് വ്യക്തമാക്കി. 

ബാബ്റി മസ്ജിദിന് പകരം മുസ്ലിം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി യുപി സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.

എന്നാൽ സുന്നി വഖഫ് ബോർഡ് സ്ഥലം സ്വീകരിച്ചതിനെതിരെ മുസ്ലിം വ്യക്തി നിയമ ബോർഡ് രം​ഗത്തെത്തി. 2.77 ഏക്കർ തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാൻ നൽകിയതിന് പകരമായി നൽകുന്ന സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുന്നി വഖഫ് ബോർഡിന്റെ തീരുമാനം മുസ്ലിം വിഭാ​ഗത്തിന്റെ താത്പര്യത്തിന് എതിരാണ്. ബോർഡിന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ടെന്നും വ്യക്തി നിയമ ബോർഡ് ആരോപിച്ചു. 

നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ അഭിപ്രായം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നും ബോര്‍ഡ് നേരത്തെ വിലയിരുത്തിയിരുന്നു. 

പള്ളി പൊളിച്ചു നീക്കിയ സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com