അഴിമതി പരിശോധിക്കുമ്പോള്‍ രാജ്യസുരക്ഷയെ കുറിച്ച് പറയുന്നത് എന്തിന്?; റഫാലില്‍ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി സുപ്രിംകോടതി

കേസില്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയത് മോഷ്ടിച്ച രേഖകളാണ് എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാല്‍ ഹര്‍ജി തളളുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വാദത്തിനിടെ പറഞ്ഞു
അഴിമതി പരിശോധിക്കുമ്പോള്‍ രാജ്യസുരക്ഷയെ കുറിച്ച് പറയുന്നത് എന്തിന്?; റഫാലില്‍ കേന്ദ്രത്തെ പ്രതിരോധത്തിലാക്കി സുപ്രിംകോടതി
Updated on
2 min read

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സുപ്രിംകോടതി. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളെ ആധാരമാക്കിയാണ് വാദിക്കുന്നതെന്ന അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ വാദം തളളിയാണ് ജസ്റ്റിസ് കെ എം ജോസഫിന്റെ പരാമര്‍ശം.  കേസില്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയത് മോഷ്ടിച്ച രേഖകളാണ് എന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം അംഗീകരിച്ചാല്‍ ഹര്‍ജി തളളുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വാദത്തിനിടെ പറഞ്ഞു. അല്ലാത്തപക്ഷം പുനഃപരിശോധന ഹര്‍ജിയുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റി.

ഔദ്യോഗികരഹസ്യനിയമം മറയാക്കി റഫാല്‍ കേസില്‍ സര്‍ക്കാരിന് ഒളിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാദം കേട്ട കോടതി ചൂണ്ടിക്കാട്ടി.ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ ഔദ്യോഗികരഹസ്യനിയമം കണക്കിലെടുക്കില്ല. മോഷ്ടിച്ച രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു.തെളിവ് നിയമത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണം തീരുമാനിക്കുന്നതിന് രാജ്യസുരക്ഷ ഘടകമല്ലെന്നും കോടതി നിരീക്ഷിച്ചു.

റഫാല്‍ രേഖകളുടെ ഉറവിടം പ്രധാനമാണെന്ന്് ചൂണ്ടിക്കാണിച്ച് അറ്റോര്‍ണി ജനറല്‍ ഇത് കണ്ടെത്താതെ കോടതി രേഖകള്‍ പരിശോധിക്കരുതെന്ന്് ആവശ്യപ്പെട്ടു. ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ രാജ്യത്തിന് വന്‍തിരിച്ചടിയാകുമെന്നും കേ്ന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. റഫാല്‍ രേഖകള്‍ പുറത്തുവിട്ട രണ്ട് പത്രങ്ങള്‍ക്കെതിരെ കേസെടുക്കും അഭിഭാഷകനെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

നേരത്തെ റഫാലുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ ധരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ കോടതിയില്‍ നിന്നും പരാമര്‍ശം ഉണ്ടായത്.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയത്. റഫാല്‍ യുദ്ധവിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയതായാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടരുന്നതിനിടെയാണ് ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത്.

പ്രശാന്ത് ഭൂഷണ്‍ വാദത്തിനായി ആധാരമാക്കിയിരിക്കുന്ന രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന് കേന്ദ്രം വാദിച്ചു. പ്രതിരോധമന്ത്രാലയത്തിലെ നിലവിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമാണ് ഇതിന് പിന്നില്‍. രേഖകള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുളള കാര്യവും വേണുഗോപാല്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പത്രത്തിലും പുനഃപരിശോധന ഹര്‍ജിയില്‍ അനുബന്ധമായും വന്നിരിക്കുന്ന രേഖകള്‍ പ്രിവിലേജ് ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഈ രേഖകള്‍ പുറത്ത് പോകാന്‍ പാടുളളതല്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. രാജ്യത്തിന്റെ സുരക്ഷയും ഉള്‍പ്പെടുന്ന വിഷയമാണ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത്.റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെയും അഭിഭാഷകനെതിരെയും നിയമനടപടി സ്വീകരിക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

നേരത്തെ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനുളള പ്രശാന്ത് ഭൂഷണിന്റെ ശ്രമം കോടതി തളളിയിരുന്നു. നിലവില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലൂന്നി വാദങ്ങള്‍ നിരത്തിയാല്‍ മതിയെന്ന് കോടതി ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com