മുംബൈ: പത്ത് വർഷങ്ങൾക്ക് മുൻപ് രാജ്യം മുൾമുനയിൽ നിന്ന നിമിഷങ്ങളായിരുന്നു മുംബൈ ഭീകരാക്രമണം. 2008 നവംബർ 26നാണ് രാജ്യത്തെ നടുക്കിയ നിരന്തര ഭീകരാക്രമണങ്ങൾ മുംബൈയിലെ താജ് ഹോട്ടലിൽ അരങ്ങേറിയത്. അന്ന് ആക്രമണത്തിൽ പങ്കെടുത്ത ഭീകരരിൽ ഒരാൾ ഒഴികെ ബാക്കി മുഴുവൻ പേരെയും സുരക്ഷാ സേന കൊലപ്പെടുത്തി. അന്ന് ജീവനോട് പിടിക്കപ്പെട്ട ഏക ഭീകരനായിരുന്നു അജ്മൽ കസബ്. പിന്നീട് കസബിനെ തൂക്കിക്കൊല്ലുകയായിരുന്നു.
അതീവ രഹസ്യമായാണ് കസബിനെ തൂക്കുമരത്തിലെത്തിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. തൂക്കിലേറ്റാനായി കസബിനെ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പൂനെ യാര്‍വാദ ജയിലിലെത്തിക്കാനുള്ള ദൗത്യം ഫോഴ്‌സ് വണ്‍ കമാന്‍ഡോ സംഘമാണ് ഏറ്റെടുത്തത്. മുംബൈ- പൂനെ എക്‌സ്പ്രസ് വേയിലൂടെ ശ്വാസമടക്കിപ്പിടിച്ചായിരുന്നു യാത്ര. കസബിനെ യാര്‍വാദ ജയിലില്‍ എത്തിച്ചുവെന്ന വിവരം കൈമാറാന്‍ ഉപയോഗിച്ചത് 'പാഴ്‌സല്‍ റീച്ച്ഡ് ഫോക്‌സ്' എന്ന കോഡായിരുന്നു.
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് 2012 നവംബര്‍ 20ന് രാത്രിയിലാണ് കസബിനെ പൂനെ യാര്‍വാദ ജയിലിലേക്ക് മാറ്റിയത്. പാഴ്സല്‍ റീച്ച്ഡ് ഫോക്സ് എന്നത് നടപടിയില്‍ ഉപയോഗിച്ച ഏഴ് കോഡ് വാക്കുകളില്‍ ഒന്ന് മാത്രമായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ആര്‍ പാട്ടീലിനും ഏതാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരുന്നു രഹസ്യ നീക്കത്തെപ്പറ്റി അറിയാമായിരുന്നത്.
ആര്‍തര്‍ റോഡ് ജയിലിലെ തന്റെ സെല്ലില്‍ നിന്ന് ഇറക്കി പോലീസ് വാഹനത്തില്‍ കയറ്റുന്ന സമയത്ത് കസബ് മുഖംമൂടി ധരിച്ച നിലയിലായിരുന്നു. തൂക്കിലേറ്റാന്‍ യാര്‍വാദ ജയിലിലേക്ക് കൊണ്ടുപോകുകയെന്നത് ഭാരിച്ച ഉത്തരവാദിത്വമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഏഴു ദിവസം മുൻപ് വന്ന മരണ വാറന്റ് കസബിനെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. കസബിനെ ഇരുത്തിയ വാഹനത്തിനൊപ്പം പോലീസിന്റെ അത്യാധുനിക ആയുധങ്ങള്‍ വഹിക്കുന്ന ഫോഴ്സ് വണ്‍ കമാന്‍ഡോ സംഘവുമുണ്ടായിരുന്നു. മുംബൈ- പൂനെ എക്സ്പ്രസ് വേയില്‍ സഞ്ചരിക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ മഹാരാഷ്ട്ര റിസര്‍വ് പോലീസ് ഫോഴ്സ് സംഘം കുറച്ച് പിന്നിലായാണ് വന്നിരുന്നത്.
രണ്ട് ഹാന്‍ഡ്സെറ്റുകള്‍ ഒഴികെ, എല്ലാ ഉദ്യോഗസ്ഥരുടെയും മറ്റ് പോലീസുകാരുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫ് ചെയ്ത് ഒരു ബാഗില്‍ സൂക്ഷിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയില്‍ കസബ് ഒരു വാക്കുപോലും പറയുകയുണ്ടായില്ല. വെളുപ്പിന് മൂന്ന് മണിക്ക് യാര്‍വാദ ജയില്‍ അധികൃതര്‍ക്ക് കൈമാറിയപ്പോള്‍ പോലും കസബിന്റെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായിരുന്നില്ലെന്നും സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. നവംബര്‍ 21ന് തങ്ങളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കസബിനെ തൂക്കിലേറ്റിയ വിവരം ലോകം അറിഞ്ഞിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates