ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക്. മീററ്റ് സ്വദേശി പവൻ ജല്ലാദ് ആണ് ആരാച്ചാർ. നാളെ ഹാജരാകണമെന്നു പവൻ ജല്ലാദിനു തിഹാർ ജയിൽ അധികൃതർ നിർദേശം നൽകി. വെള്ളിയാഴ്ച പുലർച്ചെ 5.30നു നാലു പേരുടെയും വധശിക്ഷ നടപ്പാക്കണമെന്നാണ് കോടതി നിർദേശം.
പ്രതികളായ മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ്കുമാർ സിങ് (31) എന്നിവരെയാണ് ഒരുമിച്ചു തൂക്കിലേറ്റുന്നത്. നാലുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് ശിക്ഷാ നടപടികൾ വീണ്ടും ആരംഭിച്ചത്. നാളെ ആരാച്ചാർ എത്തിയതിന് ശേഷം ഡമ്മി പരീക്ഷണം വീണ്ടും നടത്തും.
പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ്കുമാറിന്റെ ബന്ധുക്കൾക്കും കത്തയച്ചു.
നേരത്തെ മൂന്നു തവണ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഓരോരുത്തരായി ഹര്‍ജികളുമായി കോടതിയെയും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെയും സമീപിച്ചതിനാല്‍ നടപ്പാക്കാനായിരുന്നില്ല. കോടതിയില്‍ ഹര്‍ജിയോ ദയാഹര്‍ജിയോ പരിഗണനയിലുണ്ടെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്നാണ് ചട്ടം. ശിക്ഷിക്കപ്പെട്ട നാലുപേരില്‍ പവന്‍ ഗുപ്ത ഒഴികെയുള്ളവര്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ചു കഴിഞ്ഞു. ദയാഹര്‍ജി തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാം എന്നതാണ് ഇനി പവന്‍ ഗുപ്തയ്ക്കു മുന്നിലുള്ള ഏക മാര്‍ഗം. എന്നാല്‍ ഇത്തരം ഹര്‍ജി സുപ്രീം കോടതി അനുവദിക്കാന്‍ സാധ്യത വിരളമാണ്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് സാധ്യതമായ എല്ലാ നിയമപരിഹാരവും തേടിയ ശേഷമേ വധശിക്ഷ നടപ്പാക്കാനാവു.
2012 ഡിസംബര്‍ 23നാണ് രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം വണ്ടിയില്‍ കയറിയ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ നാലു പേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്തു വലിച്ചെറിയുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates