ഇന്ത്യ പഴയ ഇന്ത്യയല്ല, ബിജെപി വിജയത്തില്‍ ആശങ്കയുമായി ചൈന
വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മുന്നണിയുടെ വിജയത്തിന് വഴിയൊരുക്കുന്നതാണ് വിവിധ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടിയ വിജയമെങ്കില്‍, കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്താരാഷ്ട്രജിഹ്വയായ ഗ്ലോബല്‍ ടൈംസ്.
പരിഹരിക്കപ്പെടാത്ത അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ ഇന്ത്യയുമായി ഒത്തുതീര്‍പ്പുകള്‍ ഉണ്ടാക്കുന്നത് ഇനി അത്ര എളുപ്പമാകില്ലെന്നാണ് ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നത്. നരേന്ദ്രമോദി അധികാരമേറ്റതില്‍ പിന്നെ തുടര്‍ന്നുവരുന്ന കര്‍ക്കശനിലപാടുകളും ശൈലിയും അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കൂടി അദ്ദേഹം വിജയിക്കുകയാണെങ്കില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സാധ്യതയെന്നും ടാബ്ലോയിഡ് ചൂണ്ടിക്കാട്ടുന്നു.
' മോദിയുടെ തീവ്രവാദസമീപനം അദ്ദേഹം ആഭ്യന്തരരംഗത്തും നയതന്ത്രതലത്തിലും പ്രകടമാണ്. ആഭ്യന്തരനയങ്ങളില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ റദ്ദാക്കുന്നതില്‍ നയപരമായ ഈ കാര്‍ക്കശ്യം കണ്ടതാണ്. അന്താരാഷ്ട്രവേദിയിലാകട്ടെ ആരെയും പിണക്കാതിരിക്കുക എന്ന മുന്‍നിലപാട് ഉപേക്ഷിക്കപ്പെടുകയും സ്വന്തം താല്‍പര്യങ്ങള്‍ പരമാവധി സംരക്ഷിക്കുന്നതിന് വിവാദപരമായ പ്രശ്‌നങ്ങളില്‍ ഇന്ത്യ വ്യക്തമായ നിലപാട് എടുക്കുകയും ചെയ്യുന്നു'. ലേഖനം പറയുന്നു.
എന്നാല്‍ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞാല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മോദിയുടെ ശൈലിയെ പിന്തുണക്കുന്നവര്‍ക്ക് പ്രാപ്തിയുണ്ടെന്നും പത്രം പറയുന്നു. അതിനുപോന്ന കാര്യക്ഷമതയും നടപ്പാക്കുന്നതിനുള്ള കഴിവും മോദിക്കുണ്ടെന്നതാണ് കാരണം.
' ഇരുപക്ഷവും സന്നദ്ധമാണെങ്കില്‍ അതിര്‍ത്തി കാര്യങ്ങളിലടക്കമുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ കഴിയും എന്ന് തന്നെ നമുക്ക് ഇനിയും ആശിക്കാം.' ലേഖനം പറയുന്നു.
ബീജിംഗുമായും മോസ്‌കോയുമായുമുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പ്രധാനമന്ത്രി മോദിക്ക് സാധിച്ചിട്ടുണ്ടെന്നും പുറമേ ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗത്വത്തിന് ഇന്ത്യ അപേക്ഷിച്ചിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ബീജിംഗിനും ന്യൂഡല്‍ഹിക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പാകുമെന്ന് ഇനിയും പ്രതീക്ഷിക്കാനായിട്ടില്ല.
' വികസനം മുന്‍നിര്‍ത്തിയാണ് മോദി തെരഞ്ഞെടുക്കപ്പെട്ടത്. വിദേശമൂലധനം ആകര്‍ഷിക്കാനും സാമ്പത്തിക പരിഷ്‌കാരം തുടരാനുമുള്ള ശ്രമങ്ങള്‍ക്ക് പുറമേ, വികസനത്തിന്റെ കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ഉറച്ച നിലപാടുമാണ് ഒടുവിലുണ്ടായ ഈ വിജയത്തിന്റെ കാരണം. ചില നീക്കങ്ങള്‍ നല്ല ഫലം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെങ്കിലും. എന്നിരുന്നാലും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുക മാത്രം ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനെന്നതിലപ്പുറം പ്രവൃത്തിയില്‍ വിശ്വസിക്കുന്ന ഒരു നേതാവാണ് താനെന്ന് മോദി തെളിയിച്ചുകഴിഞ്ഞു.' പത്രം പറയുന്നു.
കര്‍ക്കശനിലപാടുകളുള്ള ഇന്ത്യന്‍ ഗവണ്‍മെന്റുമായി ഒത്തുതീര്‍പ്പുകളുണ്ടാക്കുന്നതിന് പറ്റിയ അവസരമാണ് ഇതെന്നും ഗ്ലോബല്‍ ടൈംസ് ലേഖനം ചൂണ്ടിക്കാട്ടുന്നു.
അരുണാചല്‍ പ്രദേശിന്‍മേലുള്ള അവകാശം, ടിബറ്റന്‍ അതിര്‍ത്തി, അക്‌സായി ചിന്‍, ആണവനിരായുധീകരണ കരാര്‍ എന്നിവയടക്കം ഒരു പറ്റം വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

