ഇന്ധന വില വർധനയൊന്നും പ്രശ്നമല്ല; 2019ൽ 300 സീറ്റ് നേടുമെന്ന സർവേയുമായി ബിജെപി
ന്യൂഡൽഹി: ഇന്ധന വില വർധനയടക്കമുള്ള സാധാരണക്കാരനെ വെട്ടിലാക്കുന്ന നിരവധി വിഷയങ്ങൾ രാജ്യം മുഴുവൻ വൻ പ്രതിഷേധത്തിനിടയാക്കി നിൽക്കേ ബിജെപി നടത്തിയ സർവേഫലം അവർ പുറത്തുവിട്ടു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 300 സീറ്റുകൾ നേടി പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്നാണ് ബിജെപിയുടെ സർവേഫലം. എൻഡിഎ 360 സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. ആകെ വോട്ട് വിഹിതത്തിന്റെ 51% എൻഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 12% അധിക വോട്ട് സഖ്യത്തിന് കിട്ടുമെന്നും പാർട്ടി അവകാശപ്പെടുന്നു. ഇന്ധനവില വർധന, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, മല്യ- ജയ്റ്റ്ലി വിവാദം തുടങ്ങിയ വിഷയങ്ങളെല്ലാം സജീവ ചർച്ചയായി നിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു സർവേഫലം പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 282 സീറ്റുകളും എൻഡിഎ 336 സീറ്റുകളുമാണു നേടിയത്. ഇതിനു മുൻപു മറ്റുള്ളവർ നടത്തിയിട്ടുള്ള സർവേകൾ എൻഡിഎയ്ക്ക് 300ല്‍ താഴെ സീറ്റുകൾ ലഭിക്കുമെന്നാണു പ്രവചിച്ചിട്ടുള്ളത്. മെയ് മാസത്തില്‍ എബിപി ന്യൂസ് നടത്തിയ 'രാജ്യത്തിന്റെ വികാരം' എന്ന സര്‍വേയില്‍ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ എൻഡിഎ 274 സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. യുപിഎ 164 സീറ്റുകൾ നേടുമെന്നും സർവേഫലം പറഞ്ഞു. 47% ആളുകളും മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വരുന്നത് ഇഷ്ടപ്പെടുന്നില്ല എന്നും കണ്ടെത്തിയിരുന്നു. ജൂലൈ മാസത്തില്‍ ഇന്ത്യാ ടുഡേ നടത്തിയ സർവേയിൽ 2019ല്‍ എൻഡിഎ 282ഉം യുപിഎ 122ഉം സീറ്റുകളും നേടുമെന്നാണ് കണ്ടെത്തിയത്. കോൺഗ്രസിന് ലഭിക്കുക 83 സീറ്റുകളായിരിക്കുമെന്നും സർവേ കണ്ടെത്തി. 
മോദി എന്ന ബ്രാൻഡ്, അമിത് ഷായുടെ സംഘാടന മികവ്, കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍, നായകനില്ലാത്ത പ്രതിപക്ഷം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാകും ബിജെപി പോരിനിറങ്ങുക. ഭരിക്കാന്‍ മാത്രമല്ല പ്രതിപക്ഷമെന്ന നിലയിലും കോണ്‍ഗ്രസ് പൂര്‍ണ പരാജയമായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുന്നത്.
അജയ്യ ഭാരതം, അടൽ ബിജെപി എന്ന പുത്തൻ ആശയവുമായി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് ബിജെപി തയ്യാറെടുക്കുന്നത്. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങലും വികസന മുദ്രാവാക്യങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞാണ് ബിജെപി പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം പാര്‍ട്ടി 50 വര്‍ഷം രാജ്യം ഭരിക്കുമെന്ന വലിയ അവകാശവാദമാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്.
അതേസമയം നിലവിലെ സാഹചര്യത്തിൽ 50 വർഷം പോയിട്ട് 2019ൽ വീണ്ടും അധികാരത്തിലെത്താമെന്ന ആത്മവിശ്വാസം പോലും വെറുതെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


