

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ ഡല്‍ഹിയില്‍നിന്നു ആന്ധ്രയിലെ രാമഗുണ്ടം വരെ ട്രെയിനില്‍ സഞ്ചരിച്ചതായി കണ്ടെത്തി. മാര്‍ച്ച് 13ന് ആന്ധ്ര പ്രദേശ് സമ്പര്‍ക്ക ക്രാന്തി എക്‌സപ്രസിലാണ് ഇവര്‍ യാത്ര ചെയ്തതെന്ന് റെയില്‍വേയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ രാജ്യത്ത് ചില ഭാഗങ്ങളില്‍ കോവിഡ് പ്രാദേശിക വ്യാപനം ഉണ്ടായതായി സൂചന. നാഗ്പുരില്‍ പ്രാദേശിക വ്യാപനം കണ്ടെത്തിയതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലകളില്‍ പരിശോധന ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചെറിയ പ്രദേശങ്ങളില്‍ ആയതിനാല്‍ ഇവയെ സാമൂഹിക വ്യാപനം എന്ന തരത്തില്‍ വിലയിരുത്താനാവില്ലെന്നാണ് വിദഗ്ധര്‍ ചൂ്ണ്ടിക്കാട്ടുന്നത്.
രോഗം അതിവേഗം വ്യാപിക്കുന്നതു കണക്കിലെടുത്ത് കോവിഡ് പരിശോധന നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ ഐസിഎംആര്‍ മാറ്റം വരുത്തി. ശ്വസന പ്രശ്‌നങ്ങള്‍, പനി, ചുമ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും കോവിഡ് 19 പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായ സാഹചര്യത്തിലാണ് ഐസിഎംആര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്.
കോവിഡ് പോസിറ്റിവ് ആയവരുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെയും ഹൈറിസ്‌ക് കോണ്‍ടാക്റ്റുകളെയും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും പരിശോധനയ്ക്കു വിധേയമാക്കണം. രോഗബാധിതനുമായി ബന്ധപ്പെട്ടതിന് അഞ്ചു മുതല്‍ 14 ദിവസത്തിനിടയിലാണ് ഇവരില്‍ പരിശോധന നടത്തേണ്ടതെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
പതിനാലു ദിവസത്തിനിടെ രാജ്യാന്തര യാത്ര നടത്തിയവരില്‍ ലക്ഷണങ്ങള്‍ ഉള്ളവരെയും അവരുമായി ബന്ധപ്പെട്ടവരില്‍ ലക്ഷണങ്ങള്‍ ഉള്ളവരെയുമാണ് ഇതുവരെ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നത്.
അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 271 ആയതായാണ് റിപ്പോര്‍ട്ടുകള്‍. വിദേശയാത്ര നടത്തിയവര്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് രാജ്യത്ത് രോഗം കണ്ടെത്തിയിട്ടുള്ളത്. സമൂഹ വ്യാപനം ഇതുവരെ ഇല്ലെന്നാണ് നിഗമനം. സമൂഹ വ്യാപനം സ്ഥിരീകരിക്കുന്ന പക്ഷം ടെസ്റ്റിങ് മാര്‍ഗ നിര്‍ദേശങ്ങളില്‍ വീണ്ടും മാറ്റം വരുത്തുമെന്ന ഐസിഎംആര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates