

ബംഗളൂരു: പ്രളയക്കെടുതി നേരിടുന്ന ഗ്രാമത്തിന്റെ ബുദ്ധിമുട്ടുകള്‍ എണ്ണിയെണ്ണി പറയുന്ന എട്ടുവയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. പ്രളയം ബാധിച്ച ഗ്രാമത്തിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ വിവരിച്ച് ഉപമുഖ്യമന്ത്രിക്ക് എഴുതിയ കത്ത് എട്ടു വയസ്സുകാരി വായിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴ കര്‍ണാടകയിലെ ബാഗല്‍കോട്ട് മേഖലയെ സാരമായാണ് ബാധിച്ചത്. ഗ്രാമങ്ങള്‍ വെളളത്തിന്റെ അടിയിലായി. ഈ പശ്ചാത്തലത്തില്‍ തന്റെ ഗ്രാമം നേരിടുന്ന ബുദ്ധിമുട്ടുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് എട്ടുവയസ്സുകാരിയായ അന്നപൂര്‍ണ.
തന്റെ ഗ്രാമം ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോളിനാണ് പെണ്‍കുട്ടി കത്തെഴുതിയത്. ഗ്രാമത്തിന്റെ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന കത്തില്‍ റോഡുകള്‍ വെളളത്തിന്റെ അടിയിലായതോടെ, ഗ്രാമം ഒറ്റപ്പെട്ടു എന്നത് അടക്കമുളള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ് ശ്രമിച്ചിരിക്കുന്നത്. രണ്ടു ഗ്രാമങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുളള റോഡ് വെളളത്തിന്റെ അടിയിലായിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും കത്തില്‍ അന്നപൂര്‍ണ പരാതിപ്പെടുന്നു.
43 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ പെണ്‍കുട്ടി പ്രളയജലത്തിലൂടെ നടന്നു നീങ്ങി കൊണ്ടാണ് കത്ത് വായിക്കുന്നത്. റോഡുകള്‍ ഉടന്‍ തന്നെ നവീകരിച്ച് യാത്രസൗകര്യം പുനഃസ്ഥാപിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ എന്തിന് ജനങ്ങളുടെ പ്രതിനിധിയായി തുടരുന്നു എന്നും അന്നപൂര്‍ണ ചോദിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates