ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെയെത്തിക്കാൻ ആലോചന. ഇവരെ പ്രത്യേക ട്രെയിനുകളിലെത്തിക്കുന്നതിന് റെയില്‍വേ ഉദ്യോഗസ്ഥർ രൂപരേഖ തയ്യാറാക്കി.
സംസ്ഥാന സര്‍ക്കാരുകളുടെ പരിശോധനകള്‍ക്ക് ശേഷം പ്രത്യേക ബസുകളിലായിരിക്കും ഇവരെ സ്റ്റേഷനുകളിലേക്ക് എത്തിക്കുക. പൂര്‍ണമായും സൗജന്യമായിട്ടാകണം സേവനമെന്നും ഇവർ തയ്യാറാക്കിയ രൂപരേഖ നിര്‍ദേശിക്കുന്നു. 'കുടിയേറ്റ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക' എന്ന പേരില്‍ റെയില്‍വേയില്‍ പ്രധാന ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
അനൗദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണിത്. ലോക്ക്ഡൗണിന് ശേഷമോ ലോക്ക്ഡൗണ്‍ സമയത്തോ സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ യാത്രകള്‍ എങ്ങനെ സുഗമമാക്കാം എന്നത് ആവിഷ്‌കരിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ആയിരക്കണക്കിന് സര്‍വീസുകള്‍ നടത്തേണ്ടി വരുമെന്നും കണക്കാക്കുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടു വരാനുള്ള പദ്ധതികള്‍ അടുത്തിടെ തയ്യാറാക്കിയതിന് പിന്നാലെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് ആലോചന നടത്തിയത്.
ബസുകളുടെ എണ്ണവും യാത്രക്കാരുടെ മറ്റു വിവരങ്ങളും സംസ്ഥാനങ്ങള്‍ തയ്യാറാക്കണം. റെയില്‍വേ അതിനുള്ള സംവിധാനമൊരുക്കും. ഹോട്ട്‌സ്‌പോട്ടുകളും ട്രെയിന്‍ നിര്‍ത്തേണ്ടാത്ത സ്ഥലങ്ങളും നിര്‍ദേശിക്കേണ്ടതും സംസ്ഥാന സര്‍ക്കാരുകളാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കരുത്. സര്‍ക്കാര്‍ ഇതിന് വേണ്ടി റെയില്‍വേക്ക് പണം നല്‍കണം. സ്റ്റേഷനുകളിലടക്കം സാമൂഹിക അകലം പാലിക്കണം. കുറഞ്ഞ ആളുകളെ മാത്രമേ ഓരോ ട്രെയിനുകളിലും സഞ്ചരിപ്പിക്കുകയുള്ളൂ. സ്റ്റോപ്പ് നിര്‍ദേശിക്കാത്ത ഒരിടത്തും ട്രെയിന്‍ നിര്‍ത്തില്ല. ചങ്ങല വലിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. തുടങ്ങിയ കാര്യങ്ങളും നിർദ്ദേശിക്കുന്നു.
യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞാല്‍ സാധാരണ യാത്രക്കാര്‍ക്ക് പുറമെ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും വന്‍ ജനക്കൂട്ടം രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുക്കൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ നീക്കുന്നതിന് മുമ്പ് കുടിയേറ്റ യാത്രക്കാരെ സ്വന്തം സംസ്ഥാനങ്ങളിലേക്കെത്തിക്കുന്നത് വിവേകപരമായ തന്ത്രമാണ്. രൂപരേഖ തയ്യാറാക്കിയവരില്‍ ഒരാളായ റെയില്‍വേ ട്രാഫിക് ഓഫീസര്‍ ഹര്‍ഷ് ശ്രീവാസ്തവ പറയുന്നു.
റെയില്‍വേ ബോര്‍ഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ രൂപരേഖ അനൗദ്യോഗികമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. മറ്റു ചില നിര്‍ദേശങ്ങളും ആശയങ്ങളും ബോര്‍ഡിന്റെ മുന്നിലുണ്ട്. പൊതുഗതാഗതം ആരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ലോക്ക്ഡൗണിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത ശൃംഖല എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതു സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates