കുൽഭൂഷൺ ജാദവ് കേസ്; അന്താരാഷ്ട്ര കോടതി നാളെ വിധി പറയും

ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ വിധി പറയുന്നത്
കുൽഭൂഷൺ ജാദവ് കേസ്; അന്താരാഷ്ട്ര കോടതി നാളെ വിധി പറയും
Updated on
1 min read

ഹേഗ്: കുൽഭൂഷൺ ജാദവിന്റെ കേസിൽ അന്താരാഷ്ട്ര കോടതി നാളെ വിധി പറയും. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധ ശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് നാളെ വിധി പറയുന്നത്. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിൽ നാളെ വിധി പറയുന്നത്. 

ഹോളണ്ടിലെ ഹേഗിൽ പ്രവർത്തിക്കുന്ന പീസ് പാലസിൽ ഇന്ത്യൻ സമയം ബുധനാഴ്ച വൈകീട്ട് ആറരയ്ക്ക് കോടതി പ്രസിഡന്റ് കൂടിയായ ജഡ്‌ജ് അബ്‌ദുൽഖാവി അഹ‌മദ് യൂസഫ് വിധി പ്രസ്താവിക്കും. വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച 49 കാരനായ ജാദവിനെതിരെ ചാരവൃത്തിയും ഭീകരവാദവുമാണ് ആരോപിക്കപ്പെട്ടത്. രഹസ്യ വിചാരണയ്ക്ക് ശേഷം 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. എന്നാൽ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയർത്തി ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. 

ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണെന്ന് ആരോപിച്ചായിരുന്നു കുല്‍ഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയില്‍ വിഘടന വാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെ നിന്ന് പാകിസ്താനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു.  

അതേസമയം നാവിക സേനയിൽ നിന്ന് വിരമിച്ച കുൽഭൂഷണിന് ബിസിനസിൽ താത്പര്യമുണ്ടായിരുന്നുവെന്നും അതിനായാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാ​ദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടികൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. കേസിൽ കഴി‌ഞ്ഞ വര്‍ഷം മെയിലാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ജാദവിന്റെ വധശിക്ഷ കോടതി നിർത്തി വയ്ക്കുകയായിരുന്നു.  

കേസിൽ 1963ൽ ഇന്ത്യ- പാകിസ്ഥാൻ ഒപ്പിട്ട വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകൾ പാകിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാകിസ്ഥാൻ നല്‍കിയിരുന്നില്ല. നയതന്ത്ര സഹായം കുല്‍ഭൂഷണ്‍ ജാദവിന് നല്‍കാനുള്ള ഇന്ത്യയുടെ അപേക്ഷകള്‍ 14 തവണ പാകിസ്ഥാൻ നിരസിച്ചു. തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് പാകിസ്ഥാൻ പട്ടാളക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും അതിനാല്‍ കുല്‍ഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ‌ഇന്ത്യ ‌ഉന്നയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com