

ന്യൂഡല്‍ഹി: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍.
ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്‌കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്. പരിഷ്‌കരിച്ച അവധിയാത്രാബത്ത അനുസരിച്ച് ലീവ് എന്‍ക്യാഷ്‌മെന്റ് തുകയും ടിക്കറ്റ് നിരക്കിന് മൂന്ന് മടങ്ങുളള തുകയും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി ചെലവഴിക്കാം. 12 ശതമാനം ജിഎസ്ടിയുടെ പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് അനുവദിക്കുക എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പലിശരഹിത ഉത്സവബത്തയായി പതിനായിരം രൂപയാണ് മുന്‍കൂറായി നല്‍കുക. ഒറ്റത്തവണയുളള ഈ ആനുകൂല്യം പത്ത് തവണകളായി തിരിച്ചടച്ചാല്‍ മതി.പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഇതിനായി 4000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളും സമാനമായി നല്‍കാന്‍ തീരുമാനിച്ചാല്‍ 8000 കോടി രൂപ കൂടി അധികമായി വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനങ്ങള്‍ വായ്പ നല്‍കാനും തീരുമാനിച്ചു. 50 വര്‍ഷത്തേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 12000 കോടി രൂപ പലിശരഹിത വായ്പ നല്‍കും. വിപണിയില്‍ 28000 കോടി രൂപയുടെ പണലഭ്യത ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. റോഡ്, നഗരവികസനം, ജലസേചനം എന്നിവയ്ക്ക് കൂടുതല്‍ തുക അനുവദിക്കാനും തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates