ന്യൂഡൽഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവാണ് മേനക. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവർത്തകയാണ് മീ ടൂ ക്യാംപെയ്നിന്റെ ഭാഗമായി ലൈംഗിക ആക്രമണം തുറന്നുപറഞ്ഞത്.
‘ അക്ബറിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യമാണ്. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്, രാഷ്ട്രീയ രംഗത്ത്, കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനിൽക്കുന്നു. ഇപ്പോൾ സ്ത്രീകൾ അത് തുറന്നു പറയാൻ തയാറായിട്ടുണ്ട്. നാം അത് ഗൗരവമായി പരിഗണിക്കണം’ - മേനക അഭിപ്രായപ്പെട്ടു.
ഇത്തരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ സമൂഹം തങ്ങളെ കുറിച്ച് എന്തു കരുതും എന്ന് ചിന്തിച്ച് ഇതുവരെ സഹിക്കുകയായിരുന്നു സ്ത്രീകൾ. ഇപ്പോൾ അവർ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഒാരോ ആരോപണങ്ങളും അന്വേഷിച്ച് കൃത്യമായ നടപടി സ്വീകരിക്കണമെന്നും മേനക ആവശ്യപ്പെട്ടു.
അതേസമയം വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തയ്യാറായില്ല. ഇക്കാര്യം ട്രിബ്യൂൺ റിപ്പോർട്ടർ സ്മിത ശർമ്മ സുഷമയോട് ചോദിച്ചെങ്കിലും, ഒന്നും പ്രതികരിക്കാതെ മുന്നോട്ടുപോകുകയായിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തക പ്രിയ രമണിയാണ് അക്ബർ തനിക്കെതിരെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തിയത്. മുംബൈയിൽ അഭിമുഖത്തിനെന്നു പറഞ്ഞ് തന്നെ ഒരു ഹോട്ടൽ മുറിയിലേക്ക് അക്ബർ വിളിപ്പിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവർത്തക വ്യക്തമാക്കിയത്. ഇതിന് പിന്നാലെ അക്ബറിനെതിരെ സമാന വെളിപ്പെടുത്തലുമായി മറ്റ് വനിത മാധ്യമ പ്രവർത്തകരും രംഗത്തുവന്നു.
പ്രേരണ സിങ് ബിന്ദ്ര, ഹരീന്ദർ ബവേജ, ഷുമ റാഹ, സുജാത ആനന്ദൻ, തേജസ്വി ഉഡുപ എന്നിവരാണ് സമാന പരാതികളുമായി അക്ബറിനെതിരെ രംഗത്തെത്തിയത്. ‘ദ ടെലിഗ്രാഫ്’ സ്ഥാപക പത്രാധിപരും ‘ഏഷ്യൻ ഏജ്’ സ്ഥാപകനുമാണ് എം.ജെ. അക്ബർ. ലൈംഗികാരോപണ വിധേയനായ അക്ബറെ മന്്തരിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates