

തിരുവനന്തപുരം: പുല്‍വാമ ആക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന ബിജെപി വിമര്‍ശനത്തിന് എതിരെ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. എന്തുകാര്യത്തിനാണ് കോണ്‍ഗ്രസ് മാപ്പു പറയേണ്ടതെന്ന് തരൂര്‍ ചോദിച്ചു.
'എന്തിനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാപ്പ് പറയേണ്ടത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. നമ്മുടെ രാജ്യം കാക്കുന്ന ഭടന്മാര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്ന് പ്രതീക്ഷിച്ചതിനാണോ മാപ്പ് പറയേണ്ടത്? ഒരു ദേശീയ ദുരന്തം രാഷ്ട്രീയ വത്കരിക്കുന്നതിന് പകരം രാഷ്ട്രത്തിന്റെ മൊത്തം പ്രശ്‌നമായി കണ്ടതിനാണോ മാപ്പ് പറയേണ്ടത്? പുല്‍വാമ ദുരന്തത്തില്‍ രക്തസാക്ഷിത്വം വരിച്ച ഭടന്മാരുടെ കുടുംബത്തെ അനുശോചനം അറിയിച്ചതിനാണോ മാപ്പ് പറയേണ്ടത്?
ഈ ദേശീയ ദുരന്തത്തെക്കുറിച്ച ഔദ്യോഗിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനു വേണ്ടി ഞാനിന്നും കാത്തിരിക്കുന്നു. ദുരന്തത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് രാഷ്ട്രത്തോട് മറുപടി പറയേണ്ടതുണ്ട്. വഞ്ചകന്മാരായ പാക്കിസ്ഥാന്‍ പുറത്ത് വിട്ടതൊന്നും വാര്‍ത്തയായി പരിഗണിക്കാന്‍ കഴിയില്ല. ദുരന്തത്തെക്കുറിച്ച് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ മറുപടി പറയുകയാണെങ്കില്‍ അത് വാര്‍ത്തയായി തന്നെ പരിഗണിക്കാം.'- തരൂര്‍ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണം ഇമ്രാന്‍ ഖാന്റെ ഭരണനേട്ടമാണെന്ന പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണു കോണ്‍ഗ്രസ് മാപ്പ് പറയണമെന്നു കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും കോണ്‍ഗ്രസിന് എതിരെ രംഗത്തെത്തി. ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്ന് അവര്‍തന്നെ സമ്മതിച്ച പശ്ചാത്തലത്തില്‍, ഗൂഢസിദ്ധാന്തങ്ങള്‍ ചമച്ച കോണ്‍ഗ്രസ് രാജ്യത്തോടു മാപ്പ് പറയണമെന്നായിരുന്നു ജാവഡേക്കറിന്റെ ആവശ്യം.
പുല്‍വാമയില്‍ സുരക്ഷാ ഭടന്മാരുടെ ജീവത്യാഗത്തില്‍ ചിലര്‍ക്കു ദുഃഖം തോന്നിയില്ല എന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്ന് മോദി പറഞ്ഞു. പുല്‍വാമ ആക്രമണം സംബന്ധിച്ച് അയല്‍ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ സത്യം വെളിപ്പെട്ടുവെന്ന് പാക് മന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. 'അയല്‍രാജ്യത്ത് നിന്ന് അടുത്തിടെ വാര്‍ത്ത വന്നു, അവിടത്തെ പാര്‍ലമെന്റില്‍ സത്യം വെളിപ്പെട്ടു. എന്നാല്‍ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ താത്പര്യത്തിനായി ചില ആളുകള്‍ക്ക് എത്രത്തോളം പോകാനാകും?പുല്‍വാമ ആക്രമണത്തിനുശേഷം നടത്തിയ രാഷ്ട്രീയം ഇതിന് ഉത്തമ ഉദാഹരണമാണ്. അത്തരം രാഷ്ട്രീയ പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഇത്തരം രാഷ്ട്രീയം അവസാനിപ്പിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി, നമ്മുടെ സുരക്ഷാ സേനയുടെ മനോവീര്യം കണക്കിലെടുത്ത് അത്തരം കാര്യങ്ങള്‍ ഒഴിവാക്കുക- മോദി പറഞ്ഞു.
ലോകത്തിലെ എല്ലാം രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും എല്ലാ മതങ്ങളും ഭീകരതയ്ക്കെതിരെ ഒന്നിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. സമാധാനം, സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയാണ് മനുഷ്യരാശിക്കു വേണ്ടത്. ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും ആര്‍ക്കും പ്രയോജനം നേടാനാവില്ല. ഇന്ത്യ എല്ലായ്പ്പോഴും ഭീകരതയ്ക്കെതിരാണ്- മോദി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates