

ന്യൂഡൽഹി: മുപ്പതു മുതൽ അമ്പത് സെക്കൻഡിനുള്ളിൽ ഫലം അറിയാൻ കഴിയുന്ന കോവിഡ് പരിശോധന രീതി വികസിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും. പരിശോധന നടത്തേണ്ട ആൾ ഒരു ട്യൂബിലേക്ക് ഊതിയാൽ ട്യൂബിനുള്ളിലെ രാസവസ്തുക്കൾ, ശ്വാസത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയും.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ് ഓഫ് ഇസ്രയേൽ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) എന്നിവ സംയുക്തമായാണ് പരിശോധനാ കിറ്റ് വികസിപ്പിക്കുന്നത്. പുതിയ പരിശോധനാ കിറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തയ്യാറാകുമെന്ന് ഇസ്രയേലിന്റെ ഇന്ത്യയിലെ അംഡബാസിഡർ റോൺ മാൽക പറഞ്ഞു. കിറ്റിന്റെ നിർമാണ കേന്ദ്രം ഇന്ത്യയായിരിക്കണമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനാ പ്രോജക്ടിന്റെ ജോലികൾ അവസാനഘട്ടത്തിലാണെന്നും കൃത്യതയാർന്ന ഒരു സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരാൻ രണ്ടോ മൂന്നോ ആഴ്ചയിലധികം എടുക്കില്ലെന്നും റോൺ മാൽക പറഞ്ഞു. ഇന്ത്യയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ നാല് വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ പരിശോധിച്ചു. ബ്രെത്ത് അനലൈസർ, വോയിസ് ടെസ്റ്റ്, ഉമിനീരിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ഐസോതെർമൽ ടെസ്റ്റ്, പോളി അമിനോ ആസിഡ് ടെസ്റ്റ് എന്നീ പരിശോധനാ മാർഗങ്ങളാണ് ഇസ്രയേലി ഗവേഷകർ അവലംബിച്ചതെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates