കോവിഡ് ബാധിതയായതിനാൽ ഏഴ് ആശുപത്രികൾ മടക്കി; 24 കാരി ജന്മം നൽകിയത് മൂന്ന് കൺമണികൾക്ക്

‘‘കുട്ടികൾക്കാർക്കും കോവിഡ് ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിൽ പ്രശ്നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം''
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മുംബൈ: കോവിഡ്‌ ബാധിതയായ യുവതിക്ക് സുഖപ്രസവം. 24 കാരിയായ യുവതിക്ക് ആദ്യപ്രസവത്തിൽ മൂന്ന് കൺമണികളാണ് പിറന്നത്.  രണ്ട് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കുമാണ് ഇവർ ജന്മംനൽകിയത്. കോവിഡ് ബാധിതയുടെ പ്രസവം എടുക്കാനാകില്ലെന്ന് പറഞ്ഞ് ഏഴ്‌ സ്വകാര്യ ആശുപത്രികൾ മടക്കിയ യുവതി സർക്കാർ ആശുപത്രിയിലാണ് കൺമണികൾക്ക് ജന്മം നൽകിയത്.

കുട്ടികൾ  എല്ലാവർക്കും രണ്ടുകിലോയ്ക്കുമുകളിൽ തൂക്കമുണ്ടെന്ന് യുവതി പ്രസവിച്ച നായർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഒൻപതുമാസമായി പരിചരിച്ചിരുന്ന ഡോക്ടറും അദ്ദേഹം ജോലി ചെയ്ത ആശുപത്രിയും ഇവർക്ക് പ്രവേശനം നിഷേധിച്ചു. തുടർന്നാണ് നഗരത്തിലെ മറ്റുപല ആശുപത്രികളിലും ഇവർ കയറിയിറങ്ങിയത്.

‘‘കുട്ടികൾക്കാർക്കും കോവിഡ് ഇല്ല. അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടുന്നതിൽ പ്രശ്നമില്ല. അമ്മ മുഖാവരണം ധരിച്ചിരിക്കണമെന്നുമാത്രം. സാധാരണ രീതിയിലാണ് യുവതി ഗർഭം ധരിച്ചത്. മൂന്നുകുഞ്ഞുങ്ങളുള്ളതിനാൽ ഓപ്പറേഷൻ വേണ്ടിവന്നു. ഇത് അവരുടെ ആദ്യത്തെ പ്രസവമാണ്. കോവിഡ് രോഗികൾ മാത്രമുള്ള ആശുപത്രിയായതിനാൽ ഇവിടെ രോഗികളെയല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കാറില്ല. എന്നാൽ, ഇക്കാര്യത്തിൽ ഞങ്ങൾ യുവതിയുടെ ഭർത്താവിനെയും അടുത്തുനിർത്തിയിരുന്നു’’ -പ്രസവത്തിന് നേതൃത്വം നൽകിയ നായർ ആശുപത്രിയിലെ ഡോ. പത്മജ കുംഭാർ പറഞ്ഞു.

നായർ ആശുപത്രിയിൽ ഗർഭിണികളായ കോവിഡ് രോഗികൾക്ക് ഒരു പ്രത്യേക വാർഡുതന്നെ തുറന്നിട്ടുണ്ട്. കോവിഡ് ബാധിക്കുന്ന ഗർഭിണികളെ ചികിത്സിക്കാൻ പല ആശുപത്രികളും വിസമ്മതിക്കുന്നത് നിത്യസംഭവമായതിനെത്തുടർന്നാണ് 110 കിടക്കകളുള്ള ഇത്തരത്തിലൊരു വാർഡ് ഇവിടെ സജ്ജീകരിച്ചത്. ഇതുവരെ 40 കോവിഡ് രോഗികൾ ഇവിടെ പ്രസവിച്ചുകഴിഞ്ഞു. പക്ഷേ, ഒരു കുഞ്ഞിനുപോലും കോവിഡ് ബാധയില്ലായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com