

ബെംഗലൂരു : രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നില്ല. നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതായും വെള്ളിയാഴ്ച രാവിലെ 11ന് വീണ്ടും ചേരുമെന്നും സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ പറഞ്ഞു. ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ വാജുഭായ്‌വാലയുടെ ആവശം സ്പീക്കര്‍ തള്ളി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ബിജെപി പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാരും കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വവും ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി സംഘം ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്.എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.
രാവിലെ നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച വിമതര്‍ക്കെതിരെ മുഖ്യമന്ത്രി എച്ച്ഡി കുമാസ്വാമി രൂക്ഷവിമര്‍ശനം നടത്തി. സര്‍ക്കാരിനെതിരായ വിമത നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. കുതിരക്കച്ചവടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി. വിശ്വാസവോട്ടെടുപ്പിലേക്ക് പോകാന്‍ കൂടുതല്‍ സമയം വേണമെന്നും മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. സഖ്യം നിലനില്‍ക്കുന്നുണ്ടോ എന്നതിനേക്കാള്‍ പ്രധാനം ഇതിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരിക എന്നതിലാണ്. ജനാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന ഈ ഗൂഢാലോചന ചര്‍ച്ച ചെയ്യപ്പെടേണ്ടത് നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, വിപ്പ് സംബന്ധിച്ച് വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് അനുകൂലമായി വിപ്പ് പുറപ്പെടുവിക്കുക എന്നത് രാഷ്ട്രീയപാര്‍ട്ടിയുടെ അവകാശമാണ്. അതിനാല്‍ വിപ്പ് സംബന്ധിച്ച് വ്യക്തത വേണം. ഇക്കാര്യത്തില്‍ സ്പീക്കറോ, കോടതിയോ വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തരുതെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. മുന്‍മന്ത്രി എച്ച്‌കെ പാട്ടിലും സിദ്ധരാമയ്യയെ പിന്തുണച്ച് രംഗത്തെത്തി.
എന്നാല്‍ ബിജെപി ഈ ആവശ്യത്തെ എതിര്‍ത്തു. വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള തന്ത്രമാണിതെന്നും, ഇന്നു തന്നെ ചര്‍ച്ച പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
15 വിമത എംഎല്‍എമാര്‍ ഇന്ന് സഭയില്‍ എത്തിയില്ല. ഇവരെ കൂടാതെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് കാണാതായ ശ്രീമന്ത് പാട്ടീലും ബിഎസ്പി എംഎല്‍എ എന്‍ മഹേഷും സഭയിലെത്തിയില്ല. ശ്രീമന്ത് പാട്ടീല്‍ നെഞ്ചു വേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയിച്ച് കത്തുകിട്ടിയതായി സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ശ്രീമന്ത് പാട്ടീലിനെ വിമത എംഎല്‍എമാര്‍ കടത്തിക്കൊണ്ടുപോയതായി മന്ത്രി ഡികെ ശിവകുമാര്‍ ആരോപിച്ചു. സ്‌ട്രെക്ചറില്‍ കിടക്കുന്ന പാട്ടീലിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു ശിവകുമാറിന്റെ ആരോപണം. തങ്ങളുടെ എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.
ശ്രീമന്ത് പാട്ടീല്‍ ആരോഗ്യവാനായിരുന്നതായി കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു നിയമസഭയില്‍ പറഞ്ഞു. റിസോര്‍ട്ടില്‍ ആരോഗ്യവാനായിരുന്ന പാട്ടീല്‍ ചെന്നൈക്ക് പറന്നു. ഇപ്പോള്‍ മുംബൈയില്‍ ചികില്‍സയില്‍. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളില്ല. ഈ നാടകത്തിന് പിന്നില്‍ ബിജെപിയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ശ്രീമന്ത് പാട്ടീല്‍ ചികില്‍സയിലാണെന്ന, തിയതിയോ സ്ഥലമോ രേഖപ്പെടുത്താത്ത ഒരു കത്തു കിട്ടിയതായി സ്പീക്കര്‍ രമേഷ് കുമാര്‍ വിധാന്‍ സഭയെ അറിയിച്ചു. സംഭവത്തില്‍ പാട്ടീലിന്റെ കുടുംബവുമായി അന്വേഷിച്ച് നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കാനും കര്‍ണാടക ആഭ്യന്തരമന്ത്രി എംബി പാട്ടീലിനോട് സ്പീക്കര്‍ നിര്‍ദേശിച്ചു. ആഭ്യന്തരമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ ഡിജിപിയോട് സംസാരിച്ചോളാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഒരു സ്വതന്ത്രനടക്കം 106പേരെ ബിജെപി സഭയിലെത്തിച്ചു. 15 വിമതരടക്കം 18പേര്‍ വിട്ടുനല്‍ക്കുന്ന സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 104പേരുടെ പിന്തുണ വേണം.സഖ്യസര്‍ക്കാരിനൊപ്പമുള്ളത് 100പേര്‍ മാത്രമാണ്. വിപ്പ് ലംഘിച്ചതിന് അയോഗ്യരാക്കിയാല്‍ വിമതര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. മാത്രമല്ല, എംഎല്‍എമാരെ അയോഗ്യരാക്കിയാലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ ഭൂരിപക്ഷം തികയ്ക്കാനാകാതെ താഴെവീഴാനാണ് സാധ്യത.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates