ലക്നൗ: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കരുതൽ തടങ്കലിൽ പാർപ്പിച്ച ഗസ്റ്റ്ഹൗസിലെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചു. ഇതോടെ കോൺഗ്രസ് പ്രവർത്തകർ നൽകിയ മെഴുകുതിരിവെട്ടത്തിലാണ് പ്രിയങ്ക രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്. രാത്രിയിലും ഗസ്റ്റ്ഹൗസിൽ ധർണ നടത്തിയ പ്രിയങ്ക മൊബൈൽ ഫോൺ ലൈറ്റിന്റെ വെട്ടത്തിൽ പ്രവർത്തകരുമായി സംവദിക്കാനും സമയം കണ്ടെത്തി. പ്രവർത്തകർക്കൊപ്പം സെൽഫി എടുക്കാനും അവർ തയാറായി.
പത്തുപേർ വെടിയേറ്റ് മരിച്ച ഉത്തർപ്രദേശിലെ സോൻഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്കയെ ഉത്തർപ്രദേശ് പൊലീസ് ഇന്നലെ കരുതൽ തടങ്കലിലാക്കുകയായിരുന്നു. സോൻഭദ്രയിലേക്കു പോകുമ്പോൾ വാരാണസി-മിർസാപുർ അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെയും നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചുനാർ ഗസ്റ്റ്ഹൗസിലേക്കു മാറ്റുകയായിരുന്നു.
ചുനാർ ഗസ്റ്റ് ഹൗസിലെത്തിയ ജില്ലാ മജിസ്ട്രേറ്റും പൊലീസ് മേധാവിയും സോൻഭദ്രയിലേക്ക് പോവരുതെന്ന് പ്രിയങ്കയോട് പറഞ്ഞു. സോൻഭദ്ര ജില്ലയിലെ ഗോരാവാളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരുക്കുകയാണെന്നും അവർ പ്രിയങ്കയെ അറിയിച്ചു. സോൻഭദ്രയിലെ ഗോരാവാൽ മേഖലയിൽ ഭൂമിയുടെ ഉടസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യന്റെ അനുയായികളും ഗോണ്ട ആദിവാസികളും തമ്മിലുണ്ടായ സംഘർഷത്തിൽ പത്തു പേരാണു മരിച്ചത്. ഗ്രാമമുഖ്യന്റെ അനുയായികൾ നടത്തിയ വെടിവയ്പിലാണ് പത്തു പേർ മരിച്ചത്. പതിനെട്ടു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ സന്ദർശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്.
പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവും സഹോദരനുമായ രാഹുൽ ഗാന്ധി പ്രതിഷേധം രേഖപ്പെടുത്തിയുപി സർക്കാർ ജനാധിപത്യത്തെ തരിപ്പണമാക്കിയെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രിയങ്ക ഗാന്ധിയെ നാരായൺ പുരിൽവച്ച് കസ്റ്റഡിയിൽ എടുക്കുക മാത്രമാണു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സോൻഭദ്ര സംഘർഷത്തിൽ ഗ്രാമമുഖ്യൻ യജ്ഞ ദത്ത് അടക്കം 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചീഫ് സെക്രട്ടറി (റവന്യു) അധ്യക്ഷനായ സമിതിയോട് പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates