പനാജി: ഗോവയിൽ രാഷ്ട്രീയ രംഗത്തെ പാതിരാനീക്കങ്ങൾക്ക് അറുതിയായില്ല. അധികാരം നിലനിർത്താൻ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുളള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ നീക്കം വീണ്ടും. സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) യുടെ രണ്ട് എംഎല്‍എമാരെ പാതിരാനീക്കത്തിലൂടെ ബിജെപി സ്വന്തം പാളയത്തിൽ എത്തിച്ചു. ഇതോടെ കോൺഗ്രസിനൊപ്പം ബിജെപിയും ഏറ്റവും വലിയ ഒറ്റകക്ഷിയായി. എംജിപിയുടെ മൂന്ന് എംഎല്‍എമാരിൽ രണ്ടു പേർ ബിജെപിയിൽ ലയിച്ചതോടെയാണ് ബിജെപി അംഗ സംഖ്യ ഉയര്‍ന്നത്.
എംഎല്‍എമാരായ മനോഹര്‍ അജ്ഗോന്കര്, ദീപക് പവസ്കര്‍ എന്നിവരാണ് ബിജെപിയിൽ ലയിച്ചത്. ബുധനാഴ്ച പുലര്‍ച്ച 1.45 ഓടെ ഗോവ നിയസഭാ സ്പീക്കറെ സന്ദര്‍ശിച്ച് തങ്ങളുടെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണെന്ന് അറിയിച്ച് ഇവർ കത്ത് നല്കി. ഇതോടെ 40 അംഗ അസംബ്ലിയിൽ കോൺഗ്രസിനും ബിജെപിക്കും 14 അംഗങ്ങൾ വീതമായി. കോണ്‍ഗ്രസായിരുന്നു ഇതുവരെ ഏറ്റവും വലിയ ഒറ്റകക്ഷി. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് ബിജെപി അസാധാരണ നീക്കം നടത്തിയത്.
ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായ എംജിപിയുടെ മൂന്നാമത്തെ എംഎല്‍എ സുദിന് ധവലികര്‍ കത്തില്‍ ഒപ്പിട്ടിരുന്നില്ല. ധവലികര്‍ എംജിപിയില്‍ തന്നെ തുടരുമെന്നാണ് വിവരം. അഭിപ്രായ ഭിന്നതയെ തുടർന്ന് മനോഹര്‍ അജ്ഗോന്‍കറും ദീപക് പവസ്കറും എംജിപി (ടു) എന്ന പാർട്ടി രൂപീകരിച്ചാണ് മറുകണ്ടം ചാടിയത്. ധവലികറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കിയ ശേഷം ദീപക് പവസ്കറിന് മന്ത്രിപദം നൽകിയേക്കും.
മനോഹർ പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മന്ത്രിസഭയിൽ ഭീഷണി മുഴക്കിയാണ് സുദിന് ധവലികര്ക്ക് ഉപമുഖ്യമന്ത്രി പദം നേടിയെടുത്തത്. ഉപമുഖ്യമന്ത്രി പദം നൽകിയില്ലെങ്കിൽ പിന്തുണ പിൻവലിക്കുമെന്നായിരുന്നു ഭീഷണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates