ഗൗരി ലങ്കേഷ് വധം: പിന്നില്‍ വന്‍ അക്രമി സംഘം, നിരവധിപ്പേര്‍ പിടികിട്ടാപുള്ളികള്‍ 

ഗൗരി ലങ്കേഷ് വധം: പിന്നില്‍ വന്‍ അക്രമി സംഘം, നിരവധിപ്പേര്‍ പിടികിട്ടാപുള്ളികള്‍ 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അക്രമി സംഘമെന്ന് പൊലീസ്
Published on

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അക്രമി സംഘമെന്ന് പൊലീസ്. പ്രത്യേക പേരൊന്നും ഇല്ലാത്ത സംഘമാണിതെന്നും വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദു സംഘടനകളില്‍നിന്നുള്ള അംഗങ്ങളാണ് അക്രമി സംഘത്തിലുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. 

മഹാരാഷ്ട്ര,  മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ ഈ വിഭാഗവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ഒരു കൊലപാതകത്തിനായി ഇവര്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും ഇരയാക്കപ്പെടുന്ന ആളുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താന്‍ ഇരയെയും പരിസരവും നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് ഇവര്‍ കൊലപാതകങ്ങള്‍ നടപ്പാക്കുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 

ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, എം എം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരേ തോക്കു തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കന്നട എഴുത്തുകാരന്‍ കെ.എസ് ഭഗവാനെ കൊലപ്പെടുത്തുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലായിരുന്നു സംഘമെന്നും ഇതിനിടയിലാണ് ഇവര്‍ പിടിയിലായതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഹിന്ദുത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന പലരും ഇവരുടെ പട്ടികയിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com