

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികളില്‍ താമസിക്കുന്ന 40 ലക്ഷത്തോളം പേര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. 1797 അനധികൃത കോളനികളില്‍ താമസിക്കുന്നവര്‍ക്കാവും ഗുണം ലഭിക്കുക.
ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ ഭൂമികളില്‍ താമസിക്കുന്ന താഴ്ന്ന വരുമാനമുള്ള എല്ലാ അനധികൃത കോളനി നിവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. ലോക്‌സഭയുടെ ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നും ഏറെ വിപ്ലവകരമായ നീക്കമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോളനി നിവാസികള്‍ക്ക് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നല്‍കാനുള്ള നീക്കത്തെ ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇതില്‍ രാഷ്ട്രീയമല്ലെന്നും പ്രധാനമന്ത്രി മോദിയുടെ ചിന്തയാണിതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള കേന്ദ്രതീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണങ്ങള്‍ മന്ത്രിമാര്‍ നിഷേധിച്ചു.
കോളനി നിവാസികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം പോസിറ്റീവായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു. നിരവധി പേരുടെ സ്വപ്‌നങ്ങളാവും ഉടന്‍ യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ താഴ്ന്നവരുമാനമുള്ളവര്‍ താമസിക്കുന്ന 1797 കോളനികളിലെ താമസക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. അംഗീകൃത കുടിവെള്ള വൈദ്യുതി കണക്ഷനോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ഇല്ലാത്തവരാണ് ഇവര്‍. 2015ല്‍ അനധികൃത കോളനികളെ ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദേശം ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഇതുസംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates