ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം : സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിക്കുക
ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം : സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്
Updated on
1 min read

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.   ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിക്കുക.   മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 

സി.ബി.ഐ കോടതി ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ഗൗരവതരമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ളവ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ലോയ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ലോയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ലോയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നേരത്തെ ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ വിവരം ശേഖരണം നടത്തുന്ന നാഗ്പൂരിലെ അഭിഭാഷകനെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധു സഞ്ജയ് ഫഡ്നാവിസ് ഭീഷണിപ്പെടുത്തിയിരുന്നു. 2019ലും ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്നും നിങ്ങളെ അപ്പോള്‍ കണ്ടോളാം എന്നുമാണ് സഞ്ജയ് ഫഡ്നാവിസ് അഭിഭാഷകനെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. അതിനു പിന്നാലെ ഫഡ്നാവിസ് മന്ത്രിസഭയിലെ രണ്ടാമനായ മന്ത്രിയുടെ ബന്ധുവും കേസില്‍ ഇടപെട്ടു എന്ന വാര്‍ത്ത പുറത്തുവന്നത്.

ജസ്റ്റിസ് ലോയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ മകരന്ദ് വ്യവഹാരെക്ക് മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിയുടെ അടുത്ത ബന്ധുവാണെന്നും കാരവന്‍ മാഗസിൻ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകളില്‍ തന്റെ പേര് വരാതിരിക്കാന്‍ ഇദ്ദേഹം മനപ്പൂര്‍വം ശ്രദ്ധ ചെലുത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഔദ്യോഗിക രേഖകള്‍ പ്രകാരം ലോയയുടെ പോസ്റ്റമോര്‍ട്ടം നടത്തിയത് ഡോക്ടര്‍ തുംറാമും നടപടികള്‍ നയിച്ചത് വ്യവഹാരെയുമാണ്. മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിലെ അംഗവും മഹാരാഷ്ട്ര ധനകാര്യ മന്ത്രി സുധീര്‍ മുന്‍ഗണ്ടിവാറിന്റെ അളിയനുമാണ് വ്യവഹാരെ.

ഹൃദയാഘാതം മൂലമല്ല ലോയ മരിച്ചതെന്ന് ഇ.സി.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുവെന്നും, വിഷം ഉള്ളില്‍ച്ചെന്ന് ആകാമെന്നും  ജഡ്ജിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ലോയയ്ക്ക് ഹൃദയാഘാതം ഉണ്ടായതിന്റെ സൂചനകള്‍ ഒന്നുമില്ലെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com