

ന്യൂഡല്‍ഹി: ജെഎന്‍യു രാജ്യദ്രോഹ മുദ്രാവാക്യ കേസില്‍ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റുപത്രത്തില്‍ 77 ദൃക്‌സാക്ഷികള്‍. 24 പൊലീസുകാരും 14 ജെഎന്‍യു വിദ്യാര്‍ത്ഥികളും നാല് മാധ്യമപ്രവര്‍ത്തകരും ദൃക്‌സാക്ഷി പട്ടികയിലുണ്ട്.
ദൃക്‌സാക്ഷി പട്ടികയിലുള്ള പതിനാല് വിദ്യാര്‍ത്ഥികളില്‍ പന്ത്രണ്ട് പേരും സജീവ എബിവിപി പ്രവര്‍ത്തകരാണ്. മറ്റ് രണ്ടുപേര്‍ സംഘടനയോട് അനുഭാവമുള്ളവരുമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ എബിവിപി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പറും ഉള്‍പ്പെട്ടിട്ടുണ്ട്. 2012ല്‍ ജെഎന്‍യു തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സന്ദീപ് കുമാര്‍ സിങാണ് പ്രധാന സാക്ഷികളില്‍ ഒരാള്‍.
ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള പത്തുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കില്ലെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതി പറഞ്ഞിരുന്നു. 2016 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, കശ്മീര്‍ സ്വദേശികളായ അഖ്വീബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീസ് റസൂല്‍, ബഷാറത് അലി, ഖാലിദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്ക് എതിരെയാണ് രാജ്യദ്്രോഹ കുറ്റം ചുമത്തിയിരിക്കുന്നത്. ആകെ 35 പ്രതികളാണ് കേസിലുള്ളത്. സിപിഐ നേതാവ് ഡി രാജയുടെ മകളും എഐഎസ്എഫ് നേതാവുമായ അപരാജിത രാജ, എഐഎസ്എ നേതാവ് ഷെഹ്‌ല റാഷിദ് എന്നിവരും കേസില്‍ പ്രതികളാണ്.
ക്യാമ്പസില്‍ നടക്കുന്ന രാജ്യവിരുദ്ധ പരിപാടിയെ കുറിച്ച് അറിയാമായിരുന്നിട്ടും കനയ്യ പരിപാടി തടഞ്ഞില്ലെന്നും ഉമര്‍ ഖാലിദും അനിര്‍ബനും പുറത്തു നിന്ന് ആളുകളെ കൊണ്ടുവരുന്ന കാര്യം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ ജെഎന്‍യുവില്‍ നടന്ന പരിപാടിക്ക് അനുമതി വാങ്ങിയില്ലെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘത്തെ പൊലീസ് തടഞ്ഞു. അതോടെ കനയ്യ കുമാര്‍ മുന്നോട്ടു വന്ന് സുരക്ഷാ ഉദ്യേഗസ്ഥരോട് കയര്‍ക്കുകയും സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തിനെ തുടര്‍ന്നാണ് കുറ്റപത്രം സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചത്. നിയമവകുപ്പിന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് കുറ്റപത്രം ഫയല്‍ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്നായിരുന്നു പൊലീസ് വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates