

ന്യൂഡൽഹി; കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയിൽ ചേർന്നേക്കും. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്ക് മാറ്റി വച്ചതായാണ് വിവരം. നിയമസഭ കക്ഷി യോഗത്തിന് പിന്നാലെ ബിജെപി എംഎൽഎമാരെ ഹരിയാനയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിന്ധ്യയ്ക്കൊപ്പം 22 എംഎൽഎമാരാണ് കോൺഗ്രസ് വിട്ടത്. ഇതോടെ കോൺഗ്രസിന് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. അട്ടിമറി നീക്കങ്ങളെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം
കമൽനാഥ് രാജി വക്കേണ്ടതില്ലെന്നും,16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനുമാണ് തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെട്ടിരുന്നു. 22 എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്‍റെ അംഗബലം 92 ആയി. കേവല ഭൂരിപക്ഷത്തിന് 104 സീറ്റ് വേണമെന്നിരിക്കേ സിന്ധ്യയുടെ നീക്കത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. സിന്ധ്യയുടെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് വിളിച്ച നിയമസഭ കക്ഷിയോഗത്തില്‍ 88 എംഎല്‍മാര്‍ മാത്രം പങ്കെടുത്തതിലൂടെ ചിത്രം കൂടുതല്‍ വ്യക്തമായി.
ജ്യോതിരാദിത്യ സിന്ധ്യയെ മുന്നില്‍നിര്‍ത്തി കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി കരുനീക്കങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് കമല്‍നാഥിന്റെ വാക്കുകള്‍. ഏറെനാളായി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതില്‍ കോണ്‍ഗ്രസ് ക്യാമ്പിന്റെ ഞെട്ടല്‍ ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാര്‍ ന്യൂനപക്ഷമായിരിക്കുകയാണ്. അതിനിടെയാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന കമല്‍നാഥിന്റെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകള്‍. ഇതോടെ തന്ത്രങ്ങള്‍ മെനയുന്നതില്‍ അഗ്രഗണ്യനായ കമല്‍നാഥിന്റെ അടുത്ത നീക്കങ്ങള്‍ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ ലോകം.
രാജ്യസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ കരുനീക്കങ്ങള്‍. സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ 19 എംഎല്‍എമാര്‍ ബംഗലൂരുവിലേക്ക് കടന്നതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ കുറെ നാളുകളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ ഇതിന്റെ ആക്കം വര്‍ധിച്ചു.
ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇതിന് വേണ്ട കരുനീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോണ്‍ഗ്രസിനുള്ളിലെ പോര് മറനീക്കി പുറത്ത് വന്നത്. മൂന്നുതവണ മുഖ്യമന്ത്രിയായ ദിഗ് വിജയ് സിങ്ങിന്റെ രാജ്യസഭയിലെ കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. ഒഴിവുവരുന്ന ഈ സീറ്റില്‍ ദിഗ് വിജയ് സിങ്ങും പിസിസി അധ്യക്ഷസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുള്ള ജ്യോതിരാദിത്യ സിന്ധ്യയും അവകാശവാദമുന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates