

ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെ ചോദ്യം ചെയ്ത് ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷികൾ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതിയിൽ രൂക്ഷമായ വാദപ്രതിവാദം. ഞാനാണ് എൻസിപിയെന്ന് അജിത് പവാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കേസിൽ അജിത് പവാറിന് വേണ്ടി അഡ്വക്കേറ്റ് മനീന്ദർ സിങാണ് ഹാജരായത്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഞാനാണ് എൻസിപി എന്നും, ഭരണഘടനാപരമായും നിയമപരമായും തന്റെ കത്തിൽ തെറ്റില്ലെന്നും അജിത് പവാർ വ്യക്തമാക്കി. ഹർജിക്കാർ ആദ്യം പോകേണ്ടത് ഹൈക്കോടതിയിൽ ആയിരുന്നെന്നും അജിത് പവാറിന് വേണ്ടി ഹാജരായ അഭിഭാഷകനായ മനീന്ദർ സിങ് വാദിച്ചു. മുഖ്യമന്ത്രിക്ക് ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചു. കോടതിക്ക് ഇത്ര സമയത്തിനകം വിശ്വാസവോട്ട് നടത്താൻ അധികാരം ഇല്ലെന്ന് ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസ് ഖന്ന ഇക്കാര്യം ചോദിച്ചത്. വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് ഗവർണറുടെ വിവേചനാധികാരമാണ്. ഇതിൽ കൈകടത്തുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും റോത്തഗി പറഞ്ഞു.
സംസ്ഥാനത്ത് പുലർച്ചെ 5.47 നാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഫഡ്നാവിസ് രാവിലെ എട്ടുമണിക്കാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത്ര അടിയന്തരമായി നടപടി സ്‌വീകരിക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് മഹാരാഷ്ട്രയിൽ ഉണ്ടായിരുന്നത് എന്നും ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപിൽ സിബൽ ചോദിച്ചു. അജിത് പവാറിന് എൻസിപി എംഎൽഎമാരുടെ പിന്തുണയില്ലെന്ന് എൻസിപി അഭിഭാഷകൻ മനു അഭിഷേക് സിങ് വി പറഞ്ഞു. ഒരു പേപ്പറിൽ എംഎൽഎമാരുടെ ഒപ്പുവെച്ച കടലാസ് മാത്രമാണുള്ളത്. ഇതിൽ ബിജെപിക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള കവറിങ് ലെറ്റർ ഇല്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി.
അതിനിടെ അജിത് പവാറിനെ എൻസിപി നേതൃസ്ഥാനത്തുനിന്നും മാറ്റിയായി ചൂണ്ടിക്കാണിച്ച് ഗവർണർക്ക് നൽകിയ കത്തിൽ 12 എംഎൽഎമാരുടെ ഒപ്പ് ഇല്ലെന്ന് മുകുൾ റോത്തഗി ചൂണ്ടിക്കാണിച്ചു. സഭയുടെ അധികാരത്തിലേക്ക് സുപ്രിംകോടതി കടക്കരുതെന്ന് റോത്തഗി ആവശ്യപ്പെട്ടു. എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് എൻസിപിക്ക് വേണ്ടി ഹാജരായ സിങ് വി വാദിച്ചു. മുൻകാലങ്ങളിൽ ഇത്ര സമയത്തിനുള്ളിൽ വിശ്വാസ വോട്ട് തേടാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുള്ള കാര്യവും സിങ് വി കോടതിയിൽ ഓർമ്മിപ്പിച്ചു. എന്നാൽ ഉടൻ വിശ്വാസ വോട്ടെന്ന ആവശ്യത്തെ റോത്തഗിയും തുഷാർ മേത്തയും എതിർത്തു. വിശ്വാസ വോട്ടെടുപ്പിന്റെ കാര്യത്തിൽ ഗവർണർക്കാണ് അധികാരമെന്ന് റോത്തഗി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates