ജയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് കേട്ടിട്ടില്ലേ, ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസാനം അറ്റകൈ പ്രയോഗം തന്നെ നടത്തേണ്ടിവന്നു. പ്രണയവും വീട്ടിലെ കഷ്ടപ്പാടുമെല്ലാം എഴുതി അധ്യാപകരുടെ മനസ്സലിയിച്ച് പരീക്ഷ ജയിക്കാനുള്ള ശ്രമം. പരീക്ഷ ജയിപ്പിച്ചു തരണമെന്ന് അധ്യാപകരോട് അപേക്ഷിച്ചുകൊണ്ടാണ് തന്റെ പ്രാരാബ്ദങ്ങളെക്കുറിച്ച് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥികള്‍ എഴുതിവെച്ചത്.
ഒരാള്‍ ഉത്തരക്കടലാസില്‍ വളരെ മനോഹരമായി എഴുതി ഐ ലവ് മൈ പൂജ, ഇതിന് പുറമേ ലവ് ചിഹ്നവും അതില്‍ അമ്പും വരച്ച് അതിനുള്ളിലും തന്റെ പ്രണത്തെക്കുറിച്ച് എഴുതി. ഹൈസ്‌കൂള്‍ വരെ താന്‍ നന്നായി പഠിച്ചിരുന്നെന്നും പക്ഷേ പ്രണയത്തിലായതോടെ പഠനത്തില്‍ പുറകോട്ടുപോയെന്നുമാണ് ഈ കാമുകന്‍ പറയുന്നത്. തന്റെ പ്രണയത്തെ മാനിച്ച് പരീക്ഷ ജയിപ്പിക്കണം എന്ന അപേക്ഷയും.
ഉത്തര്‍പ്രദേശില്‍ പൊതു പരീക്ഷയുടെ മൂല്യനിര്‍ണയത്തിനിടെയാണ് പാസ്സാക്കിത്തരണമെന്ന് അപേക്ഷിച്ചു കൊണ്ടുള്ള ഇത്തരം ഉത്തരകടലാസുകള്‍ ലഭിച്ചത്. പ്രാത്ബ്ദങ്ങളെക്കുറിച്ച് എഴുതി വെക്കുക മാത്രമല്ല ജയിപ്പിക്കാനുള്ള കൈക്കൂലിയായി ചില വിദ്യാര്‍ത്ഥികള്‍ ഉത്തരക്കടലാസില്‍ നൂറിന്റെയും പത്തിന്റേയും നോട്ടുകളും വെച്ചിരുന്നു.
കെമിസ്ട്രിയുടെ ഉത്തരക്കടലാസുകളിലാണ് അപേക്ഷകളും പണവും കണ്ടെത്തിയത്. തനിക്ക് അമ്മയില്ലെന്നും പരീക്ഷയില്‍ ജയിച്ചില്ലെങ്കില്‍ അച്ഛന്‍ കൊല്ലുമെന്നുമാണ് ഒരു വിദ്യാര്‍ത്ഥി കുറിച്ചത്. അച്ഛന്‍ ഇല്ലാത്തതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ താനാണ് നോക്കുന്നത് എന്ന് പറഞ്ഞും കുറിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കുറിപ്പുകള്‍ എഴുതിയെന്ന് കരുതി ആര്‍ക്കും മാര്‍ക്ക് നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates