

ഗുവാഹത്തി: അസമില്‍ ഭരണം കൈയാളുന്ന ബിജെപി- അസം ഗണപരിഷത്ത് സഖ്യം ഉലയുന്നു. അസമിന്റെ സംസ്ഥാന ഉത്സവമായ ബിഹുവിന് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത് സഖ്യത്തിലെ ഭിന്നത നിമിത്തമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു മേഖലയില്‍ മാത്രം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത് പ്രാദേശിക വിഷയം മാത്രമായി ചുരുക്കാന്‍ കഴിയില്ലെന്നാണ് ഇരുപാര്‍ട്ടികളുടെയും നേതൃത്വം പറയുന്നത്. ബംഗ്ലാദേശ് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ ഇരുപാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത കഴിഞ്ഞ ദിവസം മറനീക്കി പുറത്തുവന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളില്‍ നിന്നുമായി ഒന്‍പതു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി അസം ഗണപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രംഗത്തുവന്നു. തങ്ങളുടെ താല്പര്യങ്ങള്‍ ബലികഴിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അതുല്‍ ബോറാ മുന്നറിയിപ്പ് നല്‍കി. 15 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ ദുര്‍ഭരണം അവസാനിപ്പിക്കാനാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത്. എങ്കിലും അസം ജനതയുടെ താല്പര്യം കണക്കിലെടുത്ത് വീട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട നിയമഭേദഗതിയില്‍ ഇരുപാര്‍ട്ടികളും വിയോജിപ്പിലാണ്. ബംഗ്ലാദേശി ഹിന്ദുക്കളുടെ തളളിക്കയറ്റത്തിന് ഇത് ഇടയാക്കുമെന്നാണ് എജിപിയുടെ ആശങ്ക. ഇതുകൂടാതെ 1985ലെ ഉടമ്പടിയുടെ ലംഘനത്തിനും ഇത് കാരണമാകുമെന്ന് എജിപി ആരോപിക്കുന്നു. അനധികൃത കുടിയേറ്റം തടയുന്നതിനാണ് ഈ ഉടമ്പടിക്ക് രൂപം നല്‍കിയത്.
എന്നാല്‍ 2016ലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ദര്‍ശന രേഖയില്‍ അയല്‍പക്ക രാജ്യങ്ങളില്‍ നിന്നുളള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് പ്രതിപാദിച്ചിട്ടുണ്ടെന്ന് ബിജെപി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ടുപോകുന്നതെന്നും ബിജെപി ചൂണ്ടികാണിക്കുന്നു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളിലും നിലനില്‍ക്കുന്ന ഭിന്നത മറനീക്കി പുറത്തുവരുമോയെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. സഖ്യം ഉപേക്ഷിച്ച് മത്സരിക്കാന്‍ അസം ഗണപരിഷത്ത് തയ്യാറാവുമോയെന്ന ഭയമാണ് നിലനില്‍ക്കുന്നത്. അടുത്തിടെ ഈ ആശങ്കകളെ അസ്ഥാനത്താക്കി ഇരുപാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ പൗരത്വം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ അനുകൂല നിലപാട് സ്വീകരിക്കുകയുളളുവെന്നാണ് എജിപി വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates