ബംഗലുരു: ബിജെപിയുടെയും തീവ്ര ഹിന്ദു സംഘടനകളുടെയും എതിര്‍പ്പിനിടെ കര്‍ണടകയില്‍ ടിപ്പു ജയന്തി ആഘോഷിച്ചു. ബംഗലുരുവില്‍ വൈകുന്നേരം നടന്ന
ജയന്തിയാഘോഷ സമാപന സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും ഉപ മുഖ്യമന്ത്രി ഡി പരമേശ്വരയും വിട്ടു നിന്നു. ആരോഗ്യകാരണങ്ങളാല്‍ ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിച്ചേരാനാവില്ലെന്ന് കുമാരസ്വാമി അറിയിച്ചതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായ ഡി പരമേശ്വരയും മുങ്ങിയത്. നവംബര്‍ 11 വരെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കുമാരസ്വാമി പങ്കെടുത്തേക്കില്ലെന്ന സൂചനകള്‍ നേരത്തേ ലഭിച്ചിരുന്നതിനാല്‍ ക്ഷണപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയിരുന്നു.
സ്ഥലത്തില്ലാത്തതിനാല്‍ ചടങ്ങില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നായിരുന്നു ഉപമുഖ്യമന്ത്രിയായ പരമേശ്വര സംഘാടകരോട് ആവശ്യപ്പെട്ടത്. 18 ആം നൂറ്റാണ്ടില്‍ മൈസൂര്‍ കേന്ദ്രമാക്കി ഭരിച്ചിരുന്ന ടിപ്പു സുല്‍ത്താന്റെ ജന്‍മദിനം ആഘോഷിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ ബംഗലുരുവില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആഘോഷപരിപാടികള്‍ക്ക് വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.
സ്വന്തം മണ്ഡലമായ മൈസൂരിലുള്ള വോട്ടര്‍മാരെ നിലനിര്‍ത്തുന്നതിനാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നൊഴിഞ്ഞതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷത്തിരുന്ന സമയത്ത് ടിപ്പുജയന്തി ആഘോഷിക്കുന്നതിനെ കുമാരസ്വാമി എതിര്‍ത്തിരുന്നു. എന്നാല്‍ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കണ്ട കാര്യമില്ലെന്നും അനാരോഗ്യം കാരണം മാത്രമാണ് ഒഴിഞ്ഞ് നില്‍ക്കുന്നതെന്നും കുമാരസ്വാമി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കര്‍ണാടകയില്‍ ടിപ്പുജയന്തി ആഘോഷം ആരംഭിച്ചത്. 2010 മുതല്‍ എല്ലാ വര്‍ഷവും ടിപ്പുജയന്തി ആഘോഷങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് തീവ്രഹിന്ദു സംഘടനകളും ബിജെപിയും നടത്തിവരുന്നത്. ടിപ്പു ഒരു മതഭ്രാന്തനായിരുന്നുവെന്നും ജയന്തി ആഘോഷത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നുമായിരുന്നു ബിജെപി ആവശ്യപ്പെട്ടിരുന്നത്.
മാംഗ്ലൂരിലെ സര്‍ക്കാര്‍ ഓഫീസില്‍ കരിങ്കൊടി കെട്ടിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്ത് നീക്കി. കുടക്, ചിത്രദുര്‍ഗ, മറ്റ് തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചിക്കമംഗ്ലൂരും ബെല്ലാരിയിലും കര്‍വാറിലും പ്രതിഷേധങ്ങള്‍ അക്രമാസക്തമായതായി റിപ്പോര്‍ട്ടുണ്ട്.
ബ്രിട്ടീഷുകാര്‍ക്കെതിരെ വീരപോരാട്ടം നടത്തിയ ടിപ്പു സുല്‍ത്താന്‍ മികച്ച ഭരണാധികാരിയായിരുന്നുവെന്നതിനാലാണ് തന്റെ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്‍മദിനം ടിപ്പു ജയന്തിയായി ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നാണ് സിദ്ധരാമയ്യ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates