

അഹമ്മദാബാദ്: ശ്രമിക് ട്രെയിനുകളുടെ ഓട്ടം റദ്ദാക്കിയ തീരുമാനത്തിനെതിരെ കുടിയേറ്റ തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഗുജറാത്തിലെ രാജ്കോട്ടിലാണ് പ്രതിഷേധം അക്രമാസക്തമായത്. ഷപ്പാൽ- വരാവൽ ദേശീയ പാതയിലായിരുന്നു സംഘർഷം. രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലേക്ക് തൊഴിലാളികൾ സംഘടിച്ചെത്തുകയായിരുന്നു. 500ലധികം തൊഴിലാളികളാണ് സംഘടിച്ചെത്തിയത്.
തൊഴിലാളികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വലിയ തോതിലുള്ള അക്രമങ്ങളാണ് അരങ്ങേറിയത്. തൊഴിലാളികൾ വാഹനങ്ങൾ അടിച്ചു തകർത്തു. പൊലീസിന് നേരെ കല്ലെറിഞ്ഞ തൊഴിലാളികൾ ബാരിക്കേഡുകളും തകർത്തു. പൊലീസ് ലാത്തിവീശി തൊഴിലാളികളെ ഓടിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് പൊലീസിന് നേരെ വലിയ തോതിൽ കല്ലേറുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
ഗുജറാത്തിൽ നിന്ന് ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ശ്രമിക് ട്രെയിനുകൾ ഓടേണ്ടിയിരുന്നത്. എന്നാൽ ഇത് റദ്ദാക്കുകയായിരുന്നു. ബിഹാർ, യുപി സർക്കാരുകൾ അനുമതി നൽകാത്തതിനെ തുടർന്നാണ് ഗുജറാത്ത് സർക്കാർ അവസാന നിമിഷം ട്രെയിനുകൾ റദ്ദാക്കിയത്. സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയ വിനിമയത്തിലെ അപാകതയാണ് ട്രെയിനുകൾ ഓടിക്കാൻ തടസമായത്. ഇതോടെയാണ് തൊഴിലാളികൾ പ്രകോപിതരായത്.
പ്രദേശ വാസികളുടേയും ഉദ്യോഗസ്ഥരുടേയും പൊലീസിന്റേതുമടക്കം നൂറു കണക്കിന് വാഹനങ്ങളാണ് അക്രമികൾ തല്ലിത്തകർത്തതെന്ന് രാജ്കോട്ട് റൂറൽ എസ്പി ബൽറാം മീണ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 68 പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates