

ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ചോർന്നെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ സിബിഐയുടെ സഹായം തേടി. കമ്മിഷൻ തീയതി പ്രഖ്യാപിക്കും മുമ്പ് ബിജെപി ഐടി സെൽ മേധാവി ഇതു ട്വീറ്റ് ചെയ്തെന്നാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്. ഇക്കാര്യം അന്വേഷിക്കാനാണ് കമ്മിഷൻ സിബിഐയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി കമ്മിഷൻ വിളിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരാണ് ആരോപണം ഉന്നയിച്ചത്. ബിജെപി ഐടി സെൽ മേധാവി തെരഞ്ഞെടുപ്പ് തീയതി ട്വീറ്റ് ചെയ്തിരുന്നുവെന്നും കമ്മീഷന്റെ പ്രഖ്യാപനത്തിനു മുൻപാണ് ട്വീറ്റ് പുറത്തുവന്നതെന്നും മാധ്യമ പ്രവർത്തകർ ആരോപിച്ചു. 12ന് വോട്ടെടുപ്പും 18ന് വോട്ടെണ്ണലുമെന്നായിരുന്നു ട്വിറ്റിലെ ഉളളടക്കം.
സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
കർണാടകയിൽ മേയ് 12-നാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates