

ലഖ്‌നൗ: 21ഓളം പൊലീസ് സ്റ്റേഷനുകളിലെ 15ഓളം പൊലീസ് സംഘങ്ങള്‍ അരിച്ചു പെറുക്കിയിട്ടും മൂന്ന് കൊലപാതകങ്ങള്‍ നടത്തി ഒളിവില്‍ കഴിഞ്ഞ ആളെ പിടികൂടാന്‍ സാധിച്ചില്ല. ഒടുവില്‍ കൊലയാളി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സഞ്ചരിച്ച ബസ് തടഞ്ഞു നിര്‍ത്തി പരിശോന നടത്തി. അതിനിടെ 30കാരനായ പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത് പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചു.
ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാര്‍, ടിക്‌ടോകില്‍ 'വില്ലന്‍' എന്ന പേരില്‍ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. മരണ സമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടില്‍ നിന്ന് ഇയാള്‍ നടത്തിയ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂര്‍ണ വിവരണങ്ങള്‍ പൊലീസിന് ലഭിച്ചു.
നേരത്തെ യാതൊരു ക്രിമിനല്‍ റെക്കോര്‍ഡും ഇല്ലാതിരുന്ന അശ്വിനി കുമാര്‍ ബിജ്‌നോറിനെ വിറപ്പിച്ച കൊലയാളിയാണെന്ന് അറിഞ്ഞത് ഇയാളുടെ മരണ ശേഷമായിരുന്നു. 'ഞാന്‍ എല്ലാം നശിപ്പിക്കും', 'എന്റെ സംഹാരം കാണൂ' എന്നെല്ലാം ഇയാള്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പലപ്പോഴായി കുറിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഇയാളൊരു ശല്യക്കാരനാണെന്ന തോന്നലുണ്ടായിരുന്നില്ല.
ബിജ്‌നോറിലെ ബിജെപി നേതാവ് ഭീം സിങിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്തംബര്‍ 26ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരെയും അശ്വിനി കൊലപ്പെടുത്തിയത്.
സിഐഎസ്എഫില്‍ ചെന്നൈയില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നികിത ശര്‍മയെന്ന 27കാരിയെ സെപ്തംബര്‍ 30ന് ഇയാള്‍ കൊലപ്പെടുത്തി. വീടിനകത്ത് അതിക്രമിച്ച് കയറിയ ശേഷമാണ് ഇയാള്‍ നികിതയെ വെടിവച്ച് കൊലപ്പെടുത്തിയത്. ദുബൈയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന നികിത, വിവാഹത്തിന് വേണ്ടി തന്റെ നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.
ദിവസങ്ങള്‍ക്കിടെ നടന്ന മൂന്ന് കൊലപാതകങ്ങള്‍ ബിജ്‌നോര്‍ നഗരത്തെ വിറപ്പിച്ചു. പൊലീസ് പ്രതിയെ പിടികൂടാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിച്ച് തെരച്ചില്‍ നടത്തി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടനെ തന്നെ താമസ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. രാത്രി 1.15 ന് ബസ് മാര്‍ഗം ബിജ്‌നോറിന് പുറത്തുകടക്കാനായിരുന്നു ശ്രമം.
പൊലീസ് ഈ ബസ് വഴിയില്‍ തടഞ്ഞു നിര്‍ത്തി തെരച്ചില്‍ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി. പൊലീസ് ഇയാളോട് തൂവാല മാറ്റാന്‍ ആവശ്യപ്പെട്ട സമയത്ത് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിര്‍ത്തു. പൊലീസും ബസിലുണ്ടായിരുന്നവരും സ്തബ്ധരായി നില്‍ക്കെ, സംഭവ സ്ഥലത്ത് തന്നെ ഇയാള്‍ മരിച്ചു.
ലഹരിക്ക് അടിമയായ അശ്വിനി ബിരുദധാരിയായിരുന്നു. ധംപൂറിലെ കരിമ്പ് സഹകരണ സൊസൈറ്റിയിലെ ക്ലര്‍ക്കായിരുന്നു ഇയാളുടെ പിതാവ്. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അശ്വിനി ഈ ജോലി രാജിവച്ചിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം അശ്വിനിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണ് ബന്ധുക്കളുടെ നഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates