ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ സംശയത്തിന്റെ നിഴലിൽ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്നതും പരാതി വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തതും ആശങ്ക ഉളവാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. പുൽവാമയെ കുറിച്ചുള്ള പരാമർശത്തിനെതിരെയാണ് പ്രതിപക്ഷ പാർട്ടികൾ പരാതി സമർപ്പിച്ചിരുന്നത്.
ഏപ്രിൽ ഒൻപതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച പരാതി നൽകിയിരുന്നുവെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ഇത് നിരാശാജനകമാണെന്നും ഗൗരവകരമായ വിഷയമാണെന്നും യെച്ചൂരി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കമ്മീഷന്റെ ഇത്തരം നടപടികൾ രാജ്യത്തെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ്. ഭരണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കണമെങ്കിൽ ഈ വിഷയത്തിൽ ഉടൻ നടപടിയുണ്ടാകേണ്ടതുണ്ടെന്നും യെച്ചൂരി കുറിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് കന്നി വോട്ടർമാരോട് പുൽവാമയിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ഏപ്രിൽ 11 ന് ഒസ്മാനാബാദിലെ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ടും നൽകിയിരുന്നു. സൈന്യത്തെ വോട്ട് പിടിക്കുന്നതിനായി ഉപയോഗിക്കരുതെന്ന് പെരുമാറ്റച്ചട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയതാണ്. ഇതേത്തുടർന്നാണ് പ്രതിപക്ഷം പരാതി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates