

ന്യൂഡല്‍ഹി : ഇന്ത്യയുടെ 46മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസാകുന്നത്.
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജസ്റ്റിസ് ഗൊഗോയ്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ്, സുപ്രീംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ പുതിയ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. 2019 നവംബര്‍ വരെ ഇദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവിയില്‍ കാലാവധിയുണ്ട്.
1978 ലാണ് രഞ്ജന്‍ ഗൊഗോയ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. ഗുവാഹത്തി ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹത്തെ, 2001 ഫെബ്രുവരി 28 നാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്. 2010 സെപ്തംബര്‍ 9 ന് ഗൊഗോയിയെ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. 2011 ഫെബ്രുവരി 12 ന് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2012 ഏപ്രില്‍ 23 നാണ് ജസ്റ്റിസ് ഗൊഗോയിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നത്.
അസമിലെ ഗുവാഹത്തിയില്‍ പ്രമുഖ രാഷ്ട്രീയ കുടുംബത്തിലാണ് രഞ്ജന്‍ ഗൊഗോയിയുടെ ജനനം. അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ കേശബ് ചന്ദ് ഗൊഗോയിയാണ് പിതാവ്. 1980ല്‍ രണ്ടു മാസം അസം മുഖ്യമന്ത്രിയായിരുന്നു കേശബ് ചന്ദ്ര് ഗൊഗോയി.
ശബരിമല, ആധാര്‍, സ്വവര്‍ഗരതി, അയോധ്യാകേസ് തുടങ്ങി ആറു സുപ്രധാനകേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ദീപക് മിശ്ര വിരമിക്കുന്നത്.
ശബരിമലയില്‍ പത്തിനും 50 വയസിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ കയറ്റാമെന്ന് ചരിത്രം കുറിച്ച വിധി പറഞ്ഞ മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആധാര്‍ സാധുവാണെന്നും വിധിച്ചു. സ്വവര്‍ഗരതി നിയമവിരുദ്ധമല്ലെന്ന് വിധിച്ച ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിവാഹേതര ബന്ധങ്ങളെയും ക്രിമിനല്‍ കുറ്റമല്ലാതാക്കി.
മുംബൈ സ്‌ഫോടനപരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ അവസാന അപ്പീല്‍ തള്ളി വധശിക്ഷ ഉറപ്പാക്കിയതും മിശ്രയുള്‍പ്പെട്ട ബെഞ്ചായിരുന്നു. പുലര്‍ച്ചെ മൂന്നര വരെ കോടതി കൂടിയാണ് അന്തിമ വിധി പ്രഖ്യാപിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മേമനെ തൂക്കിലേറ്റുകളും ചെയ്തു. നിര്‍ഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ ശരിവെച്ചതും മിശ്ര അധ്യക്ഷനായ ബെഞ്ചാണ്.
ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് തുടങ്ങിയ ജസ്റ്റിസുമാര്‍ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ തിരിഞ്ഞത് വലിയ വിവാദം ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഗൊഗോയിയുടെ പേര് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യുമോയെന്ന് സംശയമുണ്ടെന്ന് പോലും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ നീക്കങ്ങളെ അവഗണിച്ച് പാരമ്പര്യവും കീഴ്വഴക്കവും മാനിച്ച്, മിശ്ര രഞ്ജന്‍ ഗൊഗോയിയുടെ പേര് ശുപാര്‍ശ ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates