

ന്യൂഡല്‍ഹി; നിങ്ങളുടെ മണ്ഡലത്തിലെ 3 ജനകീയ ബിജെപി നേതാക്കളെ നിര്‍ദേശിക്കൂ എന്ന ചോദ്യമെറിഞ്ഞ 'നമോ ആപ്പ്' ബിജെപി എംപിമാര്‍ക്ക് തലവേദനയാകുന്നു. ഒരേ മണ്ഡലത്തില്‍ നിന്നു കൂടുതല്‍ പേരുകള്‍ വരികയും ഇതില്‍ മറ്റുള്ളവര്‍ക്കു മുന്‍ഗണന കിട്ടുകയും ചെയ്താല്‍ നിലവിലെ എംപിമാരുടെ സ്ഥിതി പരുങ്ങലിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിനു പകരക്കാരനെ കണ്ടെത്താന്‍ കൂടുതല്‍ തലപുകയ്‌ക്കേണ്ടി വരില്ലെന്നു ചുരുക്കം.
നമോ ആപ്പ് വഴി 'പീപ്പിള്‍സ് പള്‍സ്' എന്ന പേരില്‍ നടത്തുന്ന സര്‍വേയാണ് ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ഥി പട്ടികയിലേക്ക് വെളിച്ചം വീഴുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിടുന്ന പലവിധ ചോദ്യങ്ങള്‍ക്കൊപ്പമാണ് മണ്ഡലത്തിലെ 3 ജനകീയ നേതാക്കളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുന്നത്. സര്‍വേ ഫലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രത്യേക താല്‍പര്യമുണ്ടെന്നതു വ്യക്തമാണ്. സമീപകാലത്തു ബിജെപിക്ക് അടിപതറിയ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നാണ് നിലവില്‍ ബിജെപിക്ക് ഏറ്റവുമധികം എംപിമാരുള്ളത്.
വരുന്ന തിരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങള്‍ നിര്‍ണായകമാവുമെന്നതിനാല്‍ വിജയസാധ്യതയിലേക്കാവും നേതൃത്വത്തിന്റെ കണ്ണ്. അതു കണ്ടെത്താനുള്ള എളുപ്പമാര്‍ഗമായി ആപ്പ് വിലയിരുത്തപ്പെടുന്നു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിനു സമാന്തരമായി എംപിമാരുമായി നേരിട്ടുള്ള ആശയവിനിമയത്തിനു മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തുടക്കമിട്ടിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും നിലവിലെ സ്ഥിതി മനസ്സിലാക്കുകയായിരുന്നു ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates