ന്യൂഡല്‍ഹി: പതിനൊന്നു വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും പിന്നീടുള്ള കാലം ഹിമാലയത്തില്‍ സന്യാസജീവിതം നയിക്കുമെന്നും എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റ് അഭിപ്രായപ്പെട്ടു. 2029 ഓടെ നരേന്ദ്രമോദി അധികാരം ഉപേക്ഷിച്ച് ഒരു സന്യാസിയുടെ ജീവിതം നയിക്കാനായി ഹിമാലയത്തിലേക്ക് പോകുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യാ ടുഡേ ചാനലില്‍ ഒരു ഷോയ്ക്കിടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
പതിനെട്ടാം വയസ്സില്‍ അദ്ദേഹം ഹിമാലയത്തിലേക്ക് പോയി, 80ാം വയസ്സില്‍ അദ്ദേഹം ഹം പോകുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. പതിനൊന്നു വര്‍ഷത്തിന് ശേഷം അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ല.സന്യാസ ജീവിതം നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവതചരിത്രവും ഇദ്ദേഹം രചിച്ചിരുന്നു.
അടുത്ത ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മോദി പ്രധാനമന്ത്രിയായാല്‍ 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം മാറിനില്‍ക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു നരേന്ദ്രമോദിയുടെ 69ാം ജന്മദിനം. ഇത്തവണയും മോദി പിറന്നാള്‍ ആഘോഷിച്ചത് ഗുജറാത്തിലെ ഗാന്ധിനഗറിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു. ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ ഇഷ്ട വിഭവമൊരുക്കി കാത്തിരുന്ന അമ്മയ്‌ക്കൊപ്പം നിറ സ്വാദോടെ അദ്ദേഹം 69ാം പിറന്നാളിന് അമ്മ നല്‍കിയ ഭക്ഷണം കഴിച്ചു. ഇത്തവണ മകന്റെ ഇഷ്ടഭക്ഷണമായ താലി മീല്‍സാണ് അമ്മ ഹീരാബെന്‍ ഒരുക്കി വച്ചത്. റൊട്ടി, പരിപ്പ്, പയര്‍, സലാഡ്, ഒന്നുരണ്ട് പച്ചക്കറി കറികള്‍ എന്നിങ്ങനെ രുചികള്‍ നിരത്തി വച്ച അമ്മയ്ക്ക് മുന്നില്‍ മോദി പിറന്നാള്‍ കുട്ടിയായി ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
