ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെതിരെ സമരം നയിക്കാൻ ഗാന്ധിയൻ അണ്ണ ഹസാരെയെ ക്ഷണിച്ച് ബിജെപി ഡൽഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത. ലോക്പാൽ വിഷയത്തിൽ 2011 ൽ നടത്തിയതിന് സമാനമായ സമരം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ നടത്താനാണ് അണ്ണ ഹസാരെയെ ക്ഷണിച്ചത്.
എന്നാൽ അണ്ണ ഹസാരെ ഈ ആവശ്യം തള്ളി. മറുപടിയായി ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് അണ്ണ ഹസാരെ നടത്തിയത്. കത്തിലൂടെയായിരുന്നു ഹസാരെയുടെ വിമർശനം.
ആം ആദ്മി പാർട്ടി സർക്കാർ അഴിമതി കാട്ടുന്നുവെങ്കിൽ കേന്ദ്രത്തിൽ അധികാരത്തിലുള്ള നിങ്ങളുടെ (ബിജെപി) സർക്കാരിന് എന്തുകൊണ്ടാണ് അതിനെതിരെ നടപടി എടുക്കാൻ കഴിയാത്തതെന്ന് അണ്ണ ഹസാരെ ചോദിച്ചു. 2014 ൽ അഴിമതി വിരുദ്ധ ഇന്ത്യ വാഗ്ദാനം ചെയ്താണ് നിങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നത്. എന്നാൽ ജനങ്ങളുടെ ജീവിതത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ജനങ്ങളുടെ ജീവിതത്തിന് മാറ്റം വരുത്താനോ അവരുടെ ഭാവി ശോഭനമാക്കാനോ ഒരു പാർട്ടിക്കും കഴിയില്ലെന്നിരിക്കെ താൻ ഡൽഹിയിലേക്ക് വന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്. ബിജെപി കഴിഞ്ഞ ആറ് വർഷമായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ കരുത്തായ യുവാക്കളെ പ്രതിനിധീകരിക്കുന്ന പാർട്ടി നിങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന പാർട്ടി 83 വയസുള്ള പണമോ അധികാരമോ ഇല്ലാത്ത തന്നെ സമരം നയിക്കാൻ ക്ഷണിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഹസാരെ വിമർശിച്ചു.
സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവയെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിയന്ത്രണത്തിലാണ്. അഴിമതി വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഡൽഹി സർക്കാർ അഴിമതി കാട്ടുന്നുവെങ്കിൽ നിങ്ങൾക്ക് നടപടി സ്വീകരിക്കാൻ കഴിയാത്തത്. പൊള്ളയായ അവകാശവാദങ്ങളാണോ നിങ്ങളുടെതെന്നും അദ്ദേഹം ഡൽഹി ബിജെപി അധ്യക്ഷനോട് ചോദിച്ചു.
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി 22 വർഷത്തിനിടെ 20 നിരാഹാര സമരങ്ങളാണ് താൻ നടത്തിയിട്ടുള്ളത്. ഏത് പാർട്ടിയെയാണ് അത് ബാധിക്കുകയെന്ന് ചിന്തിക്കാതെ രാജ്യ താത്പര്യം മുൻനിർത്തിയാണ് അവയെല്ലാം നടത്തിയത്. 2011 ൽ താൻ സമരം തുടങ്ങിയ സമയത്ത് അഴിമതിമൂലം പൊറുതിമുട്ടിയ ജനങ്ങൾ പിന്തുണയുമായി രാജ്യം മുഴുവനും തെരുവിലിറങ്ങുകയാണ് ചെയ്തത്. തുടർന്ന് അഴിമതി വിരുദ്ധ ഇന്ത്യ സംബന്ധിച്ച പ്രതീക്ഷകൾ നൽകി നിങ്ങളുടെ പാർട്ടി അധികാരത്തിൽ വന്നു.
എന്നാൽ ജനങ്ങളുടെ ജീവിതത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. അധികാരത്തിനു വേണ്ടി പണം, പണമുണ്ടാക്കുന്നതിനു വേണ്ടി അധികാരം എന്ന നിലയിലാണ് എല്ലാ പാർട്ടികളുടെയും പ്രവർത്തനം. സംവിധാനങ്ങളിൽ മാറ്റമുണ്ടാകാതെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടില്ലെന്നും അണ്ണ ഹസാരെ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates