

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതക കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ പ്രതികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരുടെ വധശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു.
തനിക്ക് നിയമപരമായ പരിരക്ഷ വീണ്ടും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രതികളില്‍ ഒരാളായ മുകേഷ് സിങ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് മറ്റു പ്രതികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും എം ആര്‍ ഷായും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുകേഷ് സിങിന്റെ റിവ്യു ഹര്‍ജി നേരത്തെ തള്ളിയതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മാര്‍ച്ച് 20ന് രാവിലെ 5.30ന് പ്രതികളെ തൂക്കിലേറ്റണമെന്ന് വിചാരണ കോടതി നേരത്തെ മരണ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
തൂക്കിക്കൊല്ലാന്‍ വിധിച്ച നടപടിക്കെതിരെ കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളുടേയും കുടുംബാംഗങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചിരുന്നു. തങ്ങളെ ദയാവധത്തിന് വിധേയരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്തയച്ചു.
ഒരാളുടെ സ്ഥാനത്ത് കോടതി അഞ്ച് പേരെ തൂക്കിക്കൊല്ലേണ്ടതില്ലെന്നും തങ്ങളെ എല്ലാവരേയും ദയാ വധത്തിന് വിധേയരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതികളുടെ പ്രായമായ മാതാപിതാക്കളും സഹോദരന്‍മാരും മക്കളുമെല്ലാം ദയാവധം ആവശ്യപ്പെട്ടുള്ള കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
'മഹാ പാപികളായവരോട് പോലും ക്ഷമിച്ചിട്ടുള്ള രാജ്യമാണ് നമ്മുടേത്. പ്രതികാരമെന്നത് അധികാരത്തിന്റെ നിര്‍വചനമല്ല. ക്ഷമിക്കുന്നതിനും ശക്തിയുണ്ട്' കത്തില്‍ പറയുന്നു.
പ്രതികളായ നാല് പേരുടേയും ദയാ ഹര്‍ജികള്‍ രാഷ്ട്രപതി തള്ളിയിരുന്നു. പല ഘട്ടങ്ങളിലായി ശിക്ഷയില്‍ ഇളവ് ലഭിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതികള്‍ നടത്തി.എന്നാല്‍ ദയാ ഹര്‍ജി അടക്കമുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വധ ശിക്ഷയില്‍ തീരുമാനമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates