

ലഖ്നൗ: പട്രോളിങ് നടത്തുന്നതിനിടെ ബൈക്കിൽ കാറിടിച്ചെന്നാരോപിച്ച് എസ്.യു.വിക്കു നേരെ ഉത്തർപ്രദേശ് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ യുവാവ് മരിച്ചു. ആപ്പിൾ സ്റ്റോർ അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ആയിരുന്ന വിവേക് തിവാരിയാണ് (38) വെടിയേറ്റ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ഗോമതി നഗര്‍ എക്സ്റ്റെന്‍ഷന്‍ ഏരിയയില്‍ ശനിയാഴ്ച രാത്രി ഒന്നരയ്ക്കാണ് സംഭവം. കാറിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെടിവച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാരായ പ്രശാന്ത് ചൗധരിയേയും സന്ദീപ് കുമാറിനെയും അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുത്തു. മുൻ
സഹപ്രവര്‍ത്തകയായ സന ഖാനെ വീട്ടില്‍ കൊണ്ടുവിടാനായി പുലര്‍ച്ചെ 1.30ഓടെ എസ്.യു.വിയില്‍ പോകവെ വിവേക് തിവാരിയോട് വാഹനം നിറുത്താന്‍ ബൈക്കിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ പ്രശാന്തും സന്ദീപും ആവശ്യപ്പെട്ടു. എന്നാൽ നിറുത്താതെ പോയ കാർ അൽപ്പം ദൂരം മുന്നിലേക്ക് പോയ ശേഷമാണ് നിർത്തിയത്. ലൈറ്റുകൾ ഓഫ് ചെയ്ത് കാര്‍ സംശയാസ്പദമായ നിലയിലാണ് യുവാവ് നിർത്തിയത്.
തങ്ങള്‍ കാറിനടുത്ത് എത്തിയപ്പോഴേക്കും യുവാവ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തു ബൈക്കില്‍ ഇടിക്കുകയും വീണ്ടും ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പൊലീസുകാർ പറയുന്നത്. പുറത്തേക്കു വരാന്‍ ആവശ്യപ്പെട്ടതോടെ മൂന്നാമതും കാര്‍ പിന്നോട്ടെടുത്ത് ബൈക്കില്‍ ശക്തിയായി ഇടിച്ചു. ഇതോടെ സ്വയരക്ഷയ്ക്ക് വെടിയുതിര്‍ത്തപ്പോൾ അബദ്ധത്തിൽ യുവാവിന് കൊള്ളുകയായിരുന്നു എന്നാണ് കോണ്‍സ്റ്റബിള്‍ പ്രശാന്തിന്റെ വിശദീകരണം.
എന്നാല്‍ പൊലീസ് ഒരു കാരണവുമില്ലാതെ തങ്ങളോട് വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടെന്നും ആളൊഴിഞ്ഞ സ്ഥലത്ത് നിറുത്തുന്നത് പന്തിയല്ലെന്നു തോന്നിയതിനാലാണ് തങ്ങള്‍ കാര്‍ മുന്നോട്ടെടുത്ത് അൽപ്പം മാറി വണ്ടി നിറുത്തിയതെന്നും ഉടന്‍ വെടിവയ്ക്കുകയായിരുന്നെന്നും സഹയാത്രിക സന ഖാന്‍ മൊഴി നല്‍കി.
സംഭവം സിബിഎെ അന്വേഷിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് വിവേകിന്റെ ഭാര്യയും പരാതി നൽകിയിട്ടുണ്ട്. കൊലപാതകം മറയ്ക്കാനാണ് പൊലീസ് ശ്രമമെന്ന് വിവേക് തിവാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates