പാര്‍ലമെന്റിന് ആശ്വാസം; ദുഷ്യന്തിന്റെയും വസുന്ധര രാജെയുടെയും കൊറോണ ഫലം നെഗറ്റീവ് 

കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും  മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെയും പരിശോധനാ ഫലം നെഗറ്റീവ്
പാര്‍ലമെന്റിന് ആശ്വാസം; ദുഷ്യന്തിന്റെയും വസുന്ധര രാജെയുടെയും കൊറോണ ഫലം നെഗറ്റീവ് 
Updated on
2 min read

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും  മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെയും പരിശോധനാ ഫലം നെഗറ്റീവ്. കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ്ങും വസുന്ധര രാജെയും സ്വയം സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധന ഫലമാണ് ഇരുവര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നത്. 

കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ, 96 എംപിമാരാണ് കൊറോണ ഭീതിയില്‍ കഴിഞ്ഞത്. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ കനിക സമ്പര്‍ക്ക വിലക്ക് ലംഘിച്ച് ലക്‌നൗവില്‍ ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഈ ഡിന്നറില്‍ ബിജെപി നേതാക്കളായ വസുന്ധരെ രാജയും മകനും എംപിയുമായ ദുഷ്യന്ത് സിങും സംബന്ധിച്ചിരുന്നു. കനിക സംബന്ധിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. 

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ദുഷ്യന്ത് കനികയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നറിഞ്ഞതോടെയാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിലായത്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്. 

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്,  ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എംപിമാര്‍ക്കായി രാഷ്ട്രപതി പ്രഭാതഭക്ഷണവും നല്‍കിയിരുന്നു. ഇതിലും ദുഷ്യന്ത് സംബന്ധിച്ചു. ഇവരെല്ലാം ഹോം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദുഷ്യന്തിന്റെ ഫലം നെഗറ്റീവായത്, നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ആശ്വാസമാകും.

ദുഷ്യന്തുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവരും ഐസലേഷനിലാണ്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടിരുന്നു. ഇതിനാലാണ് ക്വാറന്റീന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡെറക് ഒബ്രയന്‍ പറഞ്ഞു. ഇത്ര അധികം എംപിമാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു. 

അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകുമെന്നാണ് സൂചന. ലണ്ടനിലെ സംഗീതപരിപാടി കഴിഞ്ഞ്  മാര്‍ച്ച് 15ന് കനിഹ കപൂര്‍ ലഖ്‌നൗവില്‍ തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ച് കനിക നിരവധി പാര്‍ട്ടികളിലും പരിപാടികളിലു പങ്കെടുക്കുകയായിരുന്നു. കനികയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ, ലഖ്‌നൗവില്‍ അവര്‍ താമസിച്ച ട്രാന്‍സ്‌ഗോമതി പ്രദേശം അടച്ചു.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രോഗവിവരം മറച്ചുവെച്ച് രോഗവ്യാപനത്തിന് ഇടയാക്കിയതിന് കനികയ്‌ക്കെതിരേ യുപി പോലീസ് കേസെടുത്തിട്ടുണ്ട്.  ലക്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസറുടെ പരാതിയില്‍ സരോജിനി നഗര്‍ പോലീസാണ് കേസെടുത്തത്. ഐപിസി 269, 270, 188 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കനികയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കമ്മീഷ്ണര്‍ സുര്‍ജിത്ത് പാണ്ഡെ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com