

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരേ കടുത്ത വിമർശനവുമായി വീണ്ടും കപിൽ സിബൽ. കനത്ത തിരിച്ചടികൾ നേരിട്ടിട്ടും ആത്മപരിശോധന നടത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നും ബിജെപിക്കെതിരേ കോൺഗ്രസ് ക്രിയാത്മക പ്രതിപക്ഷമല്ലെന്നും സിബൽ ആരോപിച്ചു. ബിഹാർ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കപിൽ സിബലിന്റെ പ്രതികരണം.
കഴിഞ്ഞ പതിനെട്ടു മാസമായി ഒരു മുഴുവൻ സമയ അധ്യക്ഷൻ പോലും ഇല്ലാത്ത പാർട്ടിക്ക് എങ്ങനെ ക്രിയാത്മക പ്രതിപക്ഷമാകാൻ സാധിക്കുമെന്ന് കപിൽ സിബൽ ചോദിച്ചു. എന്തു കൊണ്ടാണ് തിരിച്ചടികൾ ഉണ്ടാകുന്നത് എന്നത് സംബന്ധിച്ച് പരിശോധിക്കാൻ പോലും പാർട്ടി തയ്യാറാകുന്നില്ല. എന്നാൽ താൻ ഗാന്ധി കുടുംബത്തിനെതിരെ എതിർപ്പ് രേഖപ്പെടുത്തുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യമായ പ്രവർത്തനങ്ങൾ നടത്താതെ വിമർശനമുന്നയിക്കുന്നവർ ആത്മപരിശോധന നടത്തണമെന്ന അധീർ രഞ്ജൻ ചൗധരിയുടെ പരാമർശത്തോടും കപിൽ സിബൽ പ്രതികരിച്ചു. 'അധീറിന്റെ പരാമർശത്തിന് മറുപടി നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ബംഗാൾ തെരഞ്ഞെടുപ്പ് വരികയാണ്. ബംഗാളിൽ കോൺഗ്രസ് ഒരു ശക്തിയാണെന്ന് തെളിയിക്കാൻ അദ്ദേഹം തന്റെ ഊർജം ഉപയോഗിക്കണം. ബംഗാളിലെ താര പ്രചാരകരുടെ ഒരു പട്ടിക തന്നെയുണ്ട്. എന്നാൽ പ്രതിപക്ഷത്തെ നേതാവിന് അത് പോലും അറിയില്ല. ആ പട്ടികയിൽ ഉണ്ടാകണമെന്ന് എനിക്കാഗ്രഹമുണ്ട്'- കപിൽ സിബൽ പറയുന്നു.
നിങ്ങളുടെ പാർട്ടിക്ക് എന്തുപറ്റിയെന്ന ചോദ്യം ജനങ്ങൾ ഉന്നയിക്കുന്നതിനാൽ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ് പ്രവർത്തകരെന്നും അവരുടെ വികാരം മനസിലാക്കാൻ നേതൃത്വം തയ്യാറാകണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. താൻ ആരേയും വെല്ലുവിളിക്കുകയല്ല. നാളെ മാറ്റം ഉണ്ടാകില്ലെന്ന് നമുക്കറിയാം. 2014ൽ, 2019ൽ എല്ലാം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പിലൂടെ മാറ്റം ഉണ്ടാകില്ല. നാം ജനങ്ങളുടെ അടുത്തേക്ക് പോകണം. എന്നിട്ട് എന്താണ് കോൺഗ്രസ് പ്രത്യയശാസ്ത്രമെന്ന് അവരോട് പറയണമെന്നും സിബൽ പറഞ്ഞു.
നേതൃമാറ്റത്തെ കുറിച്ച് പ്രതികരിക്കേണ്ടത് നേതൃത്വമാണ് ഇത് വ്യക്തിയെ സംബന്ധിച്ച കാര്യമല്ല, മറിച്ച് രാജ്യത്തെയും ജനാധിപത്യത്തേയും രാഷ്ട്രീയ വാഴ്ചയിൽ നിന്നു രക്ഷിക്കുന്നത് സംബന്ധിച്ചുളളതാണ്. രാജ്യത്തോടാണ് തനിക്ക് കൂറ്, വ്യക്തിയോടല്ല. ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നത് വരെ താൻ ചോദ്യമുയർത്തിക്കൊണ്ടിരിക്കുമെന്നും സിബൽ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates