

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയിലും അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് നടപടിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. പൊലീസ് അതിക്രമത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. അതേസമയം ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഹൈക്കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെയുളള പൊലീസ് നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തുളള നിരവധി പ്രമുഖര്‍ പൊലീസ് നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതികള്‍ക്ക് അന്വേഷണത്തിന് ഉചിതമായ കമ്മിറ്റികളെ നിയോഗിക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു. വസ്തുതകള്‍ അറിയാന്‍ സമയം ചെലവഴിക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആദ്യം വിഷയവുമായി ഹൈക്കോടതികളെ സമീപിക്കാനും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം പരിഗണിക്കണമെന്ന് അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്ങും കോളിന്‍ ഗോണ്‍സാല്‍വസും സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചു.രണ്ടു സര്‍വകലാശാലകളില്‍ എന്താണ് നടന്നത് എന്ന് അറിയാന്‍ വിരമിച്ച ജഡ്ജിയെ അയക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചു.ആദ്യം സമാധാനം പുന:സ്ഥാപിക്കട്ടെ, എന്നിട്ടാകാം കേസെടുക്കലെന്നായിരുന്നു ഇന്നലെ ചീഫ് ജസ്റ്റിസ് കൈക്കൊണ്ട നിലപാട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates