'പ്രധാനമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു'; ഫെയ്‌സ്ബുക്കിനെതിരെ കേന്ദ്രം, സക്കര്‍ബര്‍ഗിന് കത്തയച്ചു

'പ്രധാനമന്ത്രിയേയും മന്ത്രിമാരെയും അപമാനിക്കാന്‍ ശ്രമിക്കുന്നു'; ഫെയ്‌സ്ബുക്കിനെതിരെ കേന്ദ്രം, സക്കര്‍ബര്‍ഗിന് കത്തയച്ചു

പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കത്തിലൂടെ കുറ്റപ്പെടുത്തി
Published on

ന്യൂഡല്‍ഹി: ബിജെപി നേതാക്കളുടെ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകളില്‍ പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിനിടെ, ഇതിന് വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചു. പ്രധാനമന്ത്രിയേയും കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും കത്തിലൂടെ കുറ്റപ്പെടുത്തി.

സാമൂഹിക അന്തരീക്ഷം തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ അരാജകവാദികളും മൗലികവാദികളും ഫെയ്‌സ്ബുക്ക് ദുരുപയോഗം ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. കലാപത്തിന് ആളെ കൂട്ടാനും ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു. ഇത്തരം ദുരുപയോഗങ്ങള്‍ക്കെതിരെ ഇതുവരെ ഒരു നടപടിയും ഫെയ്‌സ്ബുക്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും കത്തില്‍ പറയുന്നു. 

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അനുകൂല പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിച്ചു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ഇന്ത്യ ടീമിലെ മാനേജിങ് ഡയറക്ടര്‍ മുതല്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ വരെയുളളവരെ നിയന്ത്രിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണെന്നും കോണ്‍ഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് കത്തിലൂടെ ആരോപിച്ചു.

നേരത്തെ, ഫെയ്‌സ്ബുക്ക് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യേണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പിന്നീട് ശശി തരൂര്‍ തലവനായ പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫെയ്‌സ്ബുക്ക് അധികൃതരെ വിളിച്ചുവരുത്താന്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ കത്ത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com