

ഹൈദരബാദ്: ആന്ധ്രപ്രദേശിലെ അനന്തപൂരിലെ എസ്ബിഐ ശാഖയില്‍ നിന്നും 39.13 ലക്ഷമാണ് അഞ്ചംഗ കൊള്ളസംഘം വിദഗ്ധമായി മോഷ്ടിച്ചത്. ആസൂത്രണമികവില്‍ പൊലീസിനെ അമ്പരപ്പിച്ച കൊള്ളസംഘം കുടുങ്ങിയത് ചെറിയൊരു അശ്രദ്ധ മൂലമായിരുന്നു. മോഷണസ്ഥലത്തു നിന്നും ലഭിച്ച ഗ്യാസ് കട്ടറായിരുന്നു അന്വേഷണസംഘത്തിന്റെ കച്ചിത്തുരുമ്പായി മാറിയത്.
പ്രധാന ആസൂത്രകനായ അനില്‍കുമാര്‍ പവാര്‍ ഹരിയാനയില്‍ നിന്നും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് അനുയോജ്യമായ ബാങ്ക് കണ്ടെത്തിയത്. ബംഗളൂരു, അനന്തപൂര്‍, കുര്‍ണൂല്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലെ ബാങ്കുകളാണ് ലക്ഷ്യംവെച്ചത്. ഇതില്‍ നിന്നും അനന്തപൂരിലെ എസ്ബിഐ ശാഖ തെരഞ്ഞെടുക്കുകയായിരുന്നു. കാര്യമായ സുരക്ഷയില്ലെന്നതായിരുന്നു മോഷണസംഘത്തെ ഇവിടേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം.
38കാരനായ അനില്‍കുമാര്‍ പന്‍വാര്‍ മറ്റുസംഘാംഗങ്ങളെ ബംഗളൂരിലേക്ക് വിളിച്ചു. ബംഗളൂരില്‍ വെച്ച് ഒത്തുകൂടിയ ഇവര്‍ വിശദമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. പദ്ധതിക്കനുസരിച്ച് ബാങ്ക് കൊള്ളയടിക്കുന്നത് സംഘം വിജയകരമായി പൂര്‍ത്തിയാക്കി രക്ഷപ്പെടുകയും ചെയ്തു. പൊലീസിന് കൊള്ളനടന്ന പ്രദേശത്തു നിന്നും ഒരു ഗ്യാസ് കട്ടര്‍ മാത്രമാണ് ലഭിച്ചത്. ഈ ഗ്യാസ് കട്ടറാണ് അനില്‍കുമാറിനേയും സംഘത്തേയും കുടുക്കിയതും.
ആദ്യഘട്ടത്തില്‍ യാതൊരു തെളിവോ സൂചനയോ ലഭിക്കാതെ അന്വേഷണസംഘം ബുദ്ധിമുട്ടി. പിന്നീട് ഗ്യാസ് കട്ടര്‍ കേന്ദ്രീകരിച്ചായി നീക്കങ്ങള്‍. ഗ്യാസ് കട്ടറിലുണ്ടായിരുന്ന ഒരു ലോഗോയില്‍ നിന്നും ഏത് കടയില്‍ നിന്നാണ് ഇത് വാങ്ങിയതെന്ന സൂചന ലഭിച്ചു. ഈ കടയില്‍ നടത്തിയ അന്വേഷണത്തില്‍ ഗ്യാസ് കട്ടര്‍ വാങ്ങിയവര്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടത്തിയതെന്ന് കണ്ടു. അങ്ങനെ ബാങ്ക് അക്കൗണ്ടിലേക്കും കൊള്ളക്കാരിലേക്കും എത്തിപ്പെടുകയായിരുന്നു.
ഗ്യാസ്‌കട്ടര്‍ വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘത്തിന് നിര്‍ണ്ണായകമായി. മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ദൃശ്യങ്ങളും വിവരങ്ങളും കൈമാറിയതോടെ ഹരിയാനയില്‍ നിന്നും രണ്ട് പേരെ പിടികൂടാനായി. ഇപ്പോഴും കൊള്ളസംഘത്തെ മുഴുവനായി കുടുക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. ഗ്യാസ് കട്ടറുപയോഗിച്ച് ലോക്കര്‍ റൂം തുറക്കുന്നതിനിടെ ആറ് ലക്ഷത്തോളം രൂപ കത്തി നശിച്ചിരുന്നു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ ജവാനായിരുന്ന അനില്‍ കുമാര്‍ പന്‍വാറിനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ 2006ല്‍ പിരിച്ചുവിട്ടതാണ്. ഇതേ സംഘം രണ്ട് ബാങ്കുകളില്‍ നിന്നും 2.50 കോടി മോഷ്ടിച്ച കേസിലും പിടിയിലായിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates