

ന്യൂഡൽഹി: വിമത ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ എംപി കോൺഗ്രസിലേക്ക്. പാർട്ടിമാറ്റത്തിനു മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി സിൻഹ കൂടിക്കാഴ്ച നടത്തി. രാഹുലിനൊപ്പമുള്ള ചിത്രവും സിൻഹ ട്വിറ്ററിൽ പങ്കുവച്ചു.
‘രാഹുൽ ഗാന്ധി വളരെ പ്രോൽസാഹനം നൽകുന്ന പോസിറ്റീവ് വ്യക്തിയാണ്. ബിജെപിക്കെതിരെ നടത്തിയ കലാപം അന്തസ്സോടെയായിരുന്നെന്ന് അദ്ദേഹം പ്രശംസിച്ചു. എന്നേക്കാൾ ഇളയ ആളാണെങ്കിലും രാജ്യത്തെ ജനകീയ നേതാവാണ്. നെഹ്റു–ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്ന ആളാണു ഞാൻ. രാജ്യം കെട്ടിപ്പടുക്കുന്നവരായാണു അവരെ കാണുന്നത്. വേദനയോടെയാണ് ബിജെപിയിൽനിന്നു പുറത്തേക്കു പോകുന്നത്’– സിൻഹ പറഞ്ഞു.
ബിജെപിയിൽ കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹ, ലോക്സഭയിലേക്കു സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണു പാർട്ടിമാറുന്നത്. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നിരന്തരം വിമർശിക്കുന്ന സിൻഹ, കോൺഗ്രസിൽ ചേരുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഹാറിൽ സിൻഹയുടെ പട്ന സാഹിബ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനെ ബിജെപി സ്ഥാനാർഥിയാക്കിയതോടെ ബന്ധം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
സാഹചര്യമെന്തായാലും പട്ന സാഹിബ് മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്നു സിൻഹ നേരത്തേ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിനെയും മോദി, അമിത് ഷാ എന്നിവരുടെ ശൈലിയെയും രൂക്ഷഭാഷയിലാണു സിന്‍ഹ വിമർശിച്ചിരുന്നത്. എന്നിട്ടും അദ്ദേഹത്തെ പുറത്താക്കിയിരുന്നില്ല. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന സിൻഹയെ കേന്ദ്രമന്ത്രിസഭാ രൂപീകരണത്തിൽ മോദി അവഗണിച്ചതോടെയാണു പിണക്കത്തിന് ആക്കം കൂടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
