'ബിജെപിയിൽ ചേർന്നത് കുടുംബത്തേയും ആരാധകരേയും വേദനിപ്പിച്ചു'; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഫുട്ബോൾ താരം

തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്
'ബിജെപിയിൽ ചേർന്നത് കുടുംബത്തേയും ആരാധകരേയും വേദനിപ്പിച്ചു'; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഫുട്ബോൾ താരം
Updated on: 
1 min read

കൽക്കത്ത; ബിജെപിയിൽ ചേർന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം  മെഹ്താബ് ഹുസൈന്‍. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു  മെഹ്താബ് ഹുസൈന്‍റെ പ്രതികരണം.

ചൊവ്വാഴ്ച വൈകുന്നേരം ബിജെപിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പാര്‍ട്ടി പതാക കൈമാറിയത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്‌. തുടർന്ന് വാർത്താസമ്മേളനം നടത്തി ബിജെപി പ്രവേശനം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ 24 മണിക്കൂറിനുള്ളിൽ അദ്ദേഹം പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

 "ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും  ഞാന്‍ ക്ഷമ ചോദിക്കുകയാണ്. ഈയൊരു കാലത്ത് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ ഞാനാഗ്രഹിച്ചു. നിസ്സഹായരായ മനുഷ്യരുടെ മുഖം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ രംഗപ്രവേശം ചെയ്തത്. പക്ഷെ ഏതൊരു ജനത്തിനു വേണ്ടിയാണോ ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് അവര്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ചേരാന്‍ പാടില്ലായിരുന്നെന്ന് പറഞ്ഞു. അവര്‍ക്കെന്നെ രാഷ്ട്രീയക്കാരനായി കാണാന്‍ പറ്റില്ലെന്നും അവര്‍ പറഞ്ഞു" മെഹ്താബ്‌ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഈ തീരുമാനത്തിലെത്താന്‍ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയെന്നത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ഹൊസ്സൈന്‍ പറഞ്ഞു. തന്റെ ഭാര്യയും മക്കളും വരെ തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ വേദനിച്ചിരുന്നുവെന്നും മെഹ്താബ്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്നുള്ള ചില ഭീഷണികളെ ഭയന്നാണ് മെഹ്താബ് ഹുസൈന്റെ മനംമാറ്റമെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ മിന്നും താരമായിരുന്ന മെഹ്താബ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയായ മെഹ്താബ്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com